Home അറിവ് മീൻ സമം വിഷം.. ശ്രദ്ധിക്കണം ഇനി മീൻ വാങ്ങുമ്പോൾ

മീൻ സമം വിഷം.. ശ്രദ്ധിക്കണം ഇനി മീൻ വാങ്ങുമ്പോൾ

സംസ്ഥാനത്തെ മത്സ്യ വിപണികളില്‍ വിഷം നിറയുന്നുവെന്ന് റിപ്പോര്‍ട്ട്‌. പച്ച മീൻ കഴിച്ച പൂച്ചകൾ ചത്തതും, മീൻ പൊരിച്ചത് കഴിച്ച വയോധിക ആശുപത്രിയിൽ ആയതും ഈ അടുത്ത് കേരളത്തിൽ നടന്നതാണ്. ശേഷം മീനിലെ മായം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ഒരുക്കിയ ഓപ്പറേഷന്‍ മത്സ്യയിലൂടെ പിടികൂടിയത് രണ്ടായിരം കിലോയോളം പഴകിയ മത്സ്യം.

ഫോര്‍മാലിനും അമോണിയവും അടക്കമുള്ള രാസവസ്തുക്കള്‍ അമിത അളവിലാണ് പലയിടത്തും ഉപയോഗിക്കുന്നത്.കണ്ടാല്‍ ഇപ്പോള്‍ പിടിച്ചതിന് സമാനമായിരിക്കും. അല്ലേല്‍ ഐസിലാണേലും ഫ്രഷായി തോന്നും.ചെറിയ മത്സ്യങ്ങള്‍ മുതല്‍ ഭീമന്‍ മത്സ്യങ്ങള്‍ വരെ അഴുകി ചീഞ്ഞ നിലയിലാണ് പലയിടത്തും കാണപ്പെടുന്നത്.ചീഞ്ഞ മീനുകളെ കുളിപ്പിച്ച്‌ കുട്ടപ്പനാക്കി മാറ്റാനാണ്‌ കച്ചവടക്കാര്‍ സ്ഥിരമായി ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. പലയിടത്തും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

മൃതദേഹം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലിന്‍ അടക്കം രാസപദാര്‍ഥങ്ങളാണ് മത്സ്യം ചീത്തയാകാതിരിക്കാന്‍ പ്രയോഗിക്കുന്നത്.അമോണിയ ചേര്‍ത്ത മത്സ്യങ്ങളും കൂട്ടത്തിലുണ്ട്. ഒപ്പം ഫോര്‍മലിന്‍ ചേര്‍ത്ത ഐസ് ഉപയോഗിക്കുന്ന കച്ചവടക്കാരുമുണ്ട്. മൈനസ് 18 ഡിഗ്രിയില്‍ ശരിയായ രീതിയില്‍ ശീതീകരിച്ചാല്‍ത്തന്നെ ഒരുമാസത്തിലധികം മത്സ്യം കേടുകൂടാതെ ഇരിക്കുമെന്നാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.ഇതോടൊപ്പം നേരത്തേ പറഞ്ഞ ഫോര്‍മലിന്‍ അടക്കം ഉപയോഗിക്കുന്നതോടെ അഞ്ചുമാസം വരെ പഴകിയ മത്സ്യങ്ങള്‍ വിപണി വാഴും. ഇതിനനുസരിച്ച്‌ വമ്പന്‍ ഫ്രീസിങ് സംവിധാനങ്ങളുള്ള ഭീമന്‍ കമ്പനികള്‍ വരെ ജില്ലയുടെ വിവിധ മേഖലകളിലുണ്ട്. ഇത്തരം രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് മൂലം കൈ വിണ്ടുകീറുന്നതടക്കം പ്രശ്നങ്ങള്‍ മത്സ്യക്കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്മീൻ മാർക്കറ്റുകൾക്ക് പുറമെ കടപ്പുറങ്ങളിലേക്ക് വരെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യം എത്തുന്നുണ്ട്.

ശീതീകരിച്ച വലിയ വാഹനങ്ങളിലും ട്രെയിനുകളിലുമടക്കം ഇത്തരത്തില്‍ മത്സ്യം അമിതമായി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് എത്തുന്നതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കേര, നെയ്മീന്‍, തിരുത, സ്രാവ്, കുടുത, വറ്റ അടക്കം വലിയ മീനുകളാണ് മംഗലാപുരത്തുനിന്നും ഗുജറാത്ത്, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നത്.

വേനല്‍ച്ചൂട് കൂടിയ സാഹചര്യത്തില്‍ മത്സ്യം ചീയാനുള്ള സാധ്യത കൂടുതലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചെലവ് ചുരുക്കാന്‍ മതിയായ ഐസ് ഉപയോഗിക്കാത്തതും പ്രശ്‌നമാണ്.

കടലില്‍നിന്ന് മത്സ്യലഭ്യത കുറഞ്ഞതും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മത്സ്യകൃഷി നടത്തുന്നവരെ ആശ്രയിക്കുന്ന കച്ചവടക്കാരുമുണ്ട്.