Home അറിവ് കാര്‍ പുതിയതെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

കാര്‍ പുതിയതെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ആദ്യ നാളുകളിലെ ഉപയോഗത്തെ ആശ്രയിച്ചിരിക്കും കാറിന്റെ മികവും പ്രകടനക്ഷമതയും. തുടക്കകാലത്ത് പുതിയ കാറില്‍ ഉടമയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകില്ല.ഓരോ കാറും ആദ്യ സര്‍വീസ് വരെ എങ്ങനെ ഓടിക്കണമെന്ന് നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിക്കും; പാലിക്കാന്‍ ഉടമകള്‍ ബാധ്യസ്തരുമാണ്. കാര്‍ പുത്തനാണ്. അതുപോലെ തന്നെ ഘടകങ്ങളും. ഡ്രൈവിംഗിനൊത്ത താളം കണ്ടെത്താന്‍ ഘടകങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായുണ്ട്.ഇതില്‍ എഞ്ചിന്‍, ബ്രേക്കുകള്‍, ട്രാന്‍സ്മിഷന്‍, ടയറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.

പുതിയ കാര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ —

പുതിയ കാറുകളില്‍ അതത് നിര്‍മ്മാതാക്കളെ ആശ്രയിച്ചു ആദ്യ സര്‍വീസിനുള്ള കാലാവധി വ്യത്യസ്തമായിരിക്കും. പൊതുവെ 1,500 കിലോമീറ്ററിലാണ് (അല്ലെങ്കിൽ ഒരുമാസം) കാറുകളുടെ ആദ്യ സർവീസ്. അതേസമയം ഫോർഡ്, ഫോക്‌സ്‌വാഗണ്‍ പോലുളള നിർമ്മാതാക്കൾ പതിനായിരം കിലോമീറ്റർ (അല്ലെങ്കിൽ ഒരു വർഷമാണ്) ആദ്യ സർവീസിനുള്ള കാലാവധി നൽകുന്നത്.എന്തായാലും ആയിരം കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് ആവേശങ്ങളെ കടിഞ്ഞാണിട്ട് നിര്‍ത്തുന്നതാകും ശരി. ഇതിനു ശേഷം എഞ്ചിന്‍ വേഗത വര്‍ധിപ്പിച്ച് ചുവപ്പുവര തൊടാം. ഈ സമയം കൊണ്ടു കാര്‍ അതിന്റെ താളം കണ്ടെത്തിയിട്ടുണ്ടാകും.

ആദ്യ നാളുകളില്‍ എഞ്ചിനെ കൊണ്ടു കൂടുതല്‍ ചുമടെടുപ്പിക്കരുത്. എഞ്ചിന്‍ പ്രവര്‍ത്തനം സുഗമമായി നിലകൊള്ളാന്‍ കുറഞ്ഞ ആര്‍പിഎം നില നിര്‍ണായകമാണ്. ആദ്യ സര്‍വീസ് വരെ എഞ്ചിന്‍ വേഗത 2,500 ആര്‍പിഎമ്മില്‍ താഴെ നിര്‍ത്തുന്നതാണ് ഉത്തമം.ആയിരം കിലോമീറ്ററിന് ശേഷം പതിയെ എഞ്ചിന്‍ വേഗത 3,000-3,500 ആര്‍പിഎമ്മിലേക്ക് കൊണ്ടുവരാം. കാര്‍ ഡീസലെങ്കില്‍ ആദ്യ 1,500 കിലോമീറ്റര്‍ വരെ എഞ്ചിന്‍ വേഗത 2,000-2,500 ആര്‍പിഎമ്മില്‍ നിലകൊള്ളണം.ഡീസല്‍ കാറുകളുടെ പ്രകടനക്ഷമതയ്ക്ക് ഇതു അത്യാവശ്യമാണ്. ആദ്യ സര്‍വീസിന് ശേഷം എഞ്ചിന്‍ വേഗത 3,000 ആര്‍പിഎം വരെ കടക്കാം. മിക്ക ഡീസല്‍ കാറുകളിലും 2,000 ആര്‍പിഎമ്മില്‍ തന്നെ ഭേദപ്പെട്ട ടോര്‍ഖ് ലഭ്യമായി തുടങ്ങും.അതുകൊണ്ടു കരുത്ത് നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട.

അതുപോലെ തന്നെ മൃദുവായിരിക്കണം ആക്‌സിലറേറ്ററിന്റെ ഉപയോഗവും. അനാവശ്യമായി എഞ്ചിന്‍ ഇരമ്പിപ്പിക്കുന്ന ശീലം നിര്‍ബന്ധമായും നിര്‍ത്തണം.എഞ്ചിന്റെ ആയുസിനെ ഇതുബാധിക്കും. ഒപ്പം കാര്‍ സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷം ഒന്നോ, രണ്ടോ മിനുട്ടു കഴിഞ്ഞ് മാത്രം ഓടിച്ചു പോകാൻ ശ്രദ്ധിക്കണം.

പുതിയ കാറില്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം; ഒപ്പം ഇഴഞ്ഞു നീങ്ങുന്ന ഗതാഗത കുരുക്കും. ഉയര്‍ന്ന ഗിയറില്‍ പതിയെ ഓടിക്കാനും ഇക്കാലയളവില്‍ ശ്രമിക്കരുത്.എല്ലാ നിര്‍മ്മാതാക്കളും നിഷ്‌കര്‍ഷിക്കുന്ന കാര്യമാണിത്. ആദ്യ നൂറോ, ഇരുന്നൂറോ കിലോമീറ്റര്‍ നൂറു കിലോമീറ്റര്‍ വേഗം പിന്നിടരുത്. ആദ്യ മൂന്നുറ് കിലോമീറ്റര്‍ വരെ ശക്തമായി ബ്രേക്കിംഗ് നടപടികളില്‍ നിന്നും മാറി നില്‍ക്കണം. ഒറ്റയടിക്ക് കാര്‍ വേഗത്തിലെടുക്കാതെ പതിയെ വേഗത കൂട്ടി വരേണ്ടതും പ്രകടനക്ഷമതയ്ക്ക് അനിവാര്യം.

ആദ്യ സര്‍വീസ് വരെ കാറില്‍ സിന്തറ്റിക് ഓയില്‍ ഉപയോഗിക്കരുത്. ഉയര്‍ന്ന ലൂബ്രിക്കേഷന്‍ സ്വഭാവമാണ് സിന്തറ്റിക് ഓയിലിന്. ഇതു പുത്തന്‍ കാര്‍ ഘടകങ്ങളുടെ പ്രവര്‍ത്തനെ ബാധിക്കും.ആദ്യ കാലത്ത് സാധാരണ മിനറല്‍ ഓയില്‍ അല്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്യുന്ന ചെയ്യുന്ന ഗ്രേഡ് ഓയില്‍ ഉപയോഗിക്കണം. രണ്ടാം സര്‍വീസ് അല്ലെങ്കില്‍ അയ്യായിരം കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം സിന്തറ്റിക് ഓയിലിലേക്ക് ചേക്കാറാം.ഒരിക്കലും ആദ്യ സര്‍വീസ് വിട്ടുപോകരുത്.

സൗജന്യമാണ് ആദ്യ സര്‍വീസ്. ഓയില്‍ മാറ്റം, പ്രകടനക്ഷമത പോലുള്ള കാര്യങ്ങളില്‍ സര്‍വീസ് സെന്ററുകള്‍ ആദ്യ സര്‍വീസില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. കാറിന് വിറയല്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആദ്യ സര്‍വീസില്‍ തന്നെ അതു പരിഹരിക്കണം.