Home അന്തർദ്ദേശീയം ഗൾഫ് കറൻസികൾക്ക് സമീപകാലത്തെ ഏറ്റവും ഉയർന്ന വിനിമയനിരക്ക്

ഗൾഫ് കറൻസികൾക്ക് സമീപകാലത്തെ ഏറ്റവും ഉയർന്ന വിനിമയനിരക്ക്

ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതോടെ നേട്ടമുണ്ടാക്കി പ്രവാസികള്‍.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ​ഗള്‍ഫ് കറന്‍സികള്‍ക്കുള്‍പ്പെടെ ഉയര്‍ന്ന നിരക്ക് കിട്ടുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുകയാണ്ഇതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ വിനിമയ ഇടപാടില്‍ രൂപയ്‌ക്കെതിരെ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഗള്‍ഫ് കറന്‍സികള്‍ക്ക് ലഭിക്കുന്നത്.രാജ്യാന്തര വിപണിയില്‍ എക്‌സ്‌ചേഞ്ച്കളില്‍ സൗദി റിയാലിന് 20.47 വരെ ലഭിക്കുന്നുണ്ട്. യുഎഇ ദിര്‍ഹം 21.09 രൂപ, ഒമാന്‍ റിയാല്‍ 201.37 രൂപ, ഖത്തര്‍ റിയാലിന് 21.26 രൂപ, കുവൈത്ത് ദിനാറിന് 252.19 രൂപ, ബഹ്‌റൈന്‍ ദിനാറിന് 205.34 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക്.

എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു ഡോളറിനെതിരെ 77.44 നിലവാരത്തിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 77.44 രൂപ നല്‍കേണ്ട സ്ഥിതി. ചൈനയിലെ ലോക്ഡൗണ്‍, റഷ്യ-യുക്രൈന്‍ യുദ്ധം, ഉയര്‍ന്ന പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയാണ് രൂപയെ ബാധിച്ചത്. രൂപയുടെ മൂല്യം 78-വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.ഇന്ത്യയിലേക്കുള്ള പണമൊഴുക്കില്‍ വര്‍ധനയുണ്ടായതായി ഗള്‍ഫിലെ വിവിധ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കി. കുറച്ചു ദിവസങ്ങള്‍ കൂടി നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും അതിനെതുടര്‍ന്നുള്ള നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതി വിപണിയില്‍ വ്യാപകമായതും രൂപയ്ക്ക് തിരിച്ചടിയായി.യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധന വരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി.

നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്. ഏഴ് മാസമായി ഇവര്‍ അറ്റവില്‍പ്പനക്കാരാണ്. വിപണിയിലെ ഈ വില്പന സമ്മര്‍ദവും രൂപയുടെ മൂല്യത്തെ ബാധിച്ചു.