Home അന്തർദ്ദേശീയം യുഎഇയില്‍ മലയാളമടക്കം 11 ഭാഷകളില്‍ തൊഴില്‍ കരാറുകളും രേഖകളും സമർപ്പിക്കാം

യുഎഇയില്‍ മലയാളമടക്കം 11 ഭാഷകളില്‍ തൊഴില്‍ കരാറുകളും രേഖകളും സമർപ്പിക്കാം

യുഎഇയില്‍ ഇനി സ്വകാര്യ മേഖലയില്‍ മലയാളമടക്കം 11 ഭാഷകളില്‍ തൊഴില്‍ കരാറുകളും രേഖകളും സമര്‍പ്പിക്കാം.മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രാലയം അംഗീകരിച്ച ഭാഷകളില്‍ മലയാളത്തിനു പുറമെ ഹിന്ദിയും തമിഴും ഇടം നേടി. തൊഴില്‍ കരാറുകളും തൊഴില്‍ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകള്‍ക്ക് അംഗീകാരം നല്‍കുന്നത്.

11 ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ തൊഴില്‍ കരാറുകളും നിയമനത്തിന്നു മുന്‍പ് നല്‍കുന്ന തൊഴില്‍ വാഗ്ദാന പത്രികയും ലഭിക്കും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കന്‍, തമിഴ് ,ഉറുദു തുടങ്ങിയ ഭാഷകളിലും തൊഴില്‍ കരാറും അനുബന്ധ രേഖകളും സമര്‍പ്പിക്കാന്‍ മന്ത്രാലയം അനുമതി നല്‍കി.അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്ക് പുറമെ മറ്റു ഭാഷകള്‍ കൂടി തൊഴില്‍ ഇടപാടുകള്‍ക്ക് അംഗീകരിക്കുന്നത് തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകും. തൊഴിലുടമകള്‍ക്ക് നിയമനവും എളുപ്പമാകും.

അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴില്‍ കരാറുകളും അനുബന്ധ രേഖകളും തൊഴില്‍ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴില്‍ കരാറുകള്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകര്‍പ്പ് തൊഴിലാളിക്കും സ്പോണ്‍സര്‍ നല്‍കണമെന്നാണ് നിയമം.