Home അറിവ് പ്രണയികളെ ഒന്നിപ്പിക്കുന്ന മരം!!! തൃശൂരിൽ കടമ്പ് പൂത്തു.

പ്രണയികളെ ഒന്നിപ്പിക്കുന്ന മരം!!! തൃശൂരിൽ കടമ്പ് പൂത്തു.

കദംബമെന്നും ആറ്റുതേക്കെന്നും വിളിപ്പേരുള്ള കടമ്പ് പൂത്തത് പുഴയ്ക്കൽ എംഎൽഎ റോഡിലെ ആനക്കൊട്ടിൽകാവ് ധർമശാസ്താ ക്ഷേത്രത്തിലാണ്.
പുരാണങ്ങളിൽ കടമ്പിൻ കഥകൾ സമൃദ്ധമാണ് . ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വരുമ്പോൾ യമുനാനദിക്കരയിൽ നിൽക്കുന്ന കടമ്പ് മരത്തിൽ വിശ്രമിക്കാനിടയായി. കുറച്ച് അമൃത് മരത്തിൽ വീണു. പിന്നീട് കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയപ്പോഴും കടമ്പുമരം മാത്രം ഉണങ്ങാതെനിന്നു. അമൃത് വീണതിനാലാണ് മരം ഉണങ്ങാതിരുന്നതത്രെ. ശ്രീകൃഷ്ണൻ ഗോപികമാരുടെ വസ്ത്രം മോഷ്ടിച്ച് കടമ്പിൻ മരത്തിൽ സൂക്ഷിച്ചുവെന്നാണ് ഐതിഹ്യം.
കടമ്പിൽ കയറിയാണ് കൃഷ്ണൻ കാളിയമർദനത്തിനായി യമുനയിൽ ചാടിയതെന്ന് പറയപ്പെടുന്നു. പിരിഞ്ഞുപോയ കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാൻ ഈ വൃക്ഷത്തിന് കഴിവുണ്ടെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. പ്രത്യേക ഗന്ധമാണ് ഈ പൂക്കൾക്കുള്ളത്.
ജലാശയങ്ങളുടെ തീരത്തും നനവാർന്ന നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. കേരളത്തിൽ നിത്യഹരിതവനങ്ങളിലും അപൂർവ്വമായി സമതലങ്ങളിലും കടമ്പ് കാണപ്പെടുന്നു. മനോഹരമായ പന്തിന്റെ ആകൃതിയാണ് കടമ്പിന്‍പൂവിന്. മഞ്ഞയും വെളളയും കലർന്ന നിറമാണ് കദംബം എന്ന കടമ്പ് പൂക്കൾക്ക്.കടമ്പിന് ഏറെ ഔഷധ ഗുണമുണ്ട്. രാമായണത്തിലും ചിലപ്പതികാരത്തിലും കടമ്പിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.കടമ്പിൻപൂക്കളിൽനിന്ന് ‘കാദംബരി’ എന്നുപേരുള്ള ഒരുതരം മദ്യം വാറ്റിയെടുത്തിരുന്നതായും പറയപ്പെടുന്നു. ചതയം നക്ഷത്രക്കാരുടെ നാൾ വൃക്ഷമായ കടമ്പ് ശലഭങ്ങൾക്ക് ഏറെ പ്രിയങ്കരമാണ് .അപൂര്‍വ്വമായി വിരിയുന്ന കടമ്പിൻ പൂക്കള്‍ കാണാൻ നിരവധി പേരാണ് കുറ്റൂരിൽ എത്തുന്നത്.
പലരും ജീവിതത്തിൽ ആദ്യമായാണ് വിരിഞ്ഞു നില്‍ക്കുന്ന കടമ്പിൻ പൂക്കള്‍ കാണുന്നത്.