Home അറിവ് പെൺകുട്ടികൾ സൂക്ഷിക്കുക. റേപ്പ് ഡ്രഗ് തൃശൂരിൽ.

പെൺകുട്ടികൾ സൂക്ഷിക്കുക. റേപ്പ് ഡ്രഗ് തൃശൂരിൽ.

തൃശൂർ:
റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്ന് ക്രിസ്റ്റൽ രൂപത്തിലുള്ളതാണ്. ഒരു ചെറിയ അംശം ഉള്ളിലെത്തിയാൽ 6മണിക്കൂർ മുതൽ 9മണിക്കൂർ വരെ ഉന്മാദാവസ്ഥയിൽ ആകും.ഈ സമയത്ത് നടന്ന കാര്യങ്ങളെ കുറിച്ച് ഒന്നും തന്നെ ഓർമ്മകൾ ഇല്ലാത്ത അവസ്ഥയിലാകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ മയക്കുമരുന്ന് ജ്യൂസിൽ കലർത്തിയാൽ യാതൊരു വിധത്തിലുള്ള രുചിവ്യത്യാസവും അനുഭവപ്പെടില്ല. ഈ മയക്കുമരുന്ന് ഉപയോഗിച്ച് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയ സംഭവങ്ങൾ നിരവധിയാണ്. അതുകൊണ്ടാണ് ഈ മയക്കു മരുന്ന് റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്നത് തന്നെ.അളവിൽ കൂടുതൽ ശരീരത്തിൽ ചെന്നാൽ മരണം വരെ ഉണ്ടാകുന്ന മയക്കുമരുന്നാണിത്. തൃശൂർ മണ്ണുത്തിയിൽ നിന്നുമാണ് എക്സൈസ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ വേലൂപ്പാടം സ്വദേശി ഷെഫിനെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിക്ക് മയക്കുമരുന്ന് ലഭിച്ചത്. മാർളി അങ്കിൾ എന്നു വിളിപ്പേരുള്ള നൈജീരിയക്കാരനായ ബെഞ്ചിമിൽ ഭ്രൂണോ എന്നയാളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്നാണ് എക്‌സൈസിനോട് ഷെഫിൻ പറഞ്ഞത്. ഒരു ഗ്രാമിന് 5000 രൂപ നൽകിയാണ് മയക്കുമരുന്ന് വിൽപനയത്രെ. ഒരു ഗ്രാം മയക്കുമരുന്ന് 60ലധികം പേർക്ക് ഉപയോഗിക്കാമത്രെ. ബാംഗ്ലൂരിൽ പഠിക്കുന്ന പ്രതി ഇടക്കിടെ നാട്ടിലേക്ക് വരുമ്പോൾ മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്ന വിവരം ലഭിച്ച എക്‌സൈസ് സംഘം ഒരു യുവാവിന്റെ സഹായത്തോടെ പ്രതിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ കയറിപ്പറ്റുകയായിരുന്നു.ഇയാൾ നാട്ടിലേക്ക് വരുന്ന വിവരം തന്ത്രപൂർവം മനസിലാക്കിയാണ് പിടികൂടിയത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് എംഡിഎംഎ അഥവാ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ. ഏറ്റവും മാരകമായ ലഹരി വസ‌്തുക്കളിൽ ഒന്നാണ‌് എംഡിഎംഎ.നേരിട്ട‌് നാഡീവ്യൂഹത്തെയാണ‌് ഇത് ബാധിക്കുക. ഉൻമാദം എന്നർഥംവരുന്ന എക‌്സ‌്റ്റസി, മോളി തുടങ്ങി ഇരുപതിലധികം ഓമനപ്പേരുകൾ എംഡിഎംഎക്കുണ്ട‌്. പലരൂപത്തിലും കണ്ടുവരാറുണ്ടെങ്കിലും കർപ്പൂരത്തോടു സാമ്യമുള്ള പരലുകളായും പൊടി രൂപത്തിലുമാണ‌് കൂടുതലും പിടികൂടുന്നത‌്. ചൂടാക്കിയാൽ ദ്രാവകരൂപത്തിലേക്കു മാറും. ചൂടാക്കുമ്പോഴുള്ള പുക ശ്വസിച്ചും, ദ്രാവകം പുരട്ടിയ സിഗരറ്റ‌് വലിച്ചും ലഹരിയായി ഉപയോഗിക്കുന്നവരുണ്ടത്രെ. ലഹരി ഉപയോഗിക്കുന്ന ആഘോഷപരിപാടികളി‌ൽ പാർട്ടി ഡ്രഗ‌് എന്ന പേരിൽ അറിയപ്പെടുന്നു. ഒരുകിലോയിൽ താഴെ തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയാൽ ജാമ്യത്തിന‌് അർഹതയുണ്ടെങ്കിൽ എംഡിഎംഎയുടെ കാര്യത്തിൽ ഇത‌് അര ഗ്രാം മാത്രമാണ‌്. 10 ഗ്രാമോ അതിനു മുകളിലോ കൈവശംവച്ചാൽ സ്വത്തുകണ്ടുകെട്ടുന്നതിനു വരെ നടപടിയെടുക്കാൻ നിയമമുണ്ട്. എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 വർഷം മുതൽ പരമാവധി 20 വർഷം വരെ തടവും ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.