നമ്മള്‍ ദിവസവും കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയും അടിസ്ഥാനം. അതുകൊണ്ട് ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കി ശരീരത്തിന് ഗുണം ചെയ്യുന്ന ഏറ്റവും മികച്ച ആഹാരം തന്നെ ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കണം.
മുട്ട, പാല്‍, പഴം എന്നിവയെല്ലാം ഇത്തരത്തില്‍ പതിവായി കഴിക്കേണ്ടുന്ന ആരോഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയിലുള്‍പ്പെടുന്നവയാണ്. ഇവയ്ക്കെല്ലാമുള്ള ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം.
പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ സ്രോതസാണ് നേന്ത്രപ്പഴമെന്ന് എത്രപേര്‍ക്കറിയാം. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആന്റിഓക്സിഡന്റുകളുടെ കലവറയായ നേന്ത്രപ്പഴത്തില്‍ ‘ഡോപമൈന്‍’, ‘കാറ്റെച്ചിന്‍’ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത്, മോശം മാനസികാവസ്ഥയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ നേന്ത്രപ്പഴത്തിനാകുമെന്ന്.
ഐബിഎസ് (ഇറിറ്റബള്‍ ബവല്‍ സിന്‍ഡ്രോം) എന്ന ദഹനവ്യവസ്ഥയെ ബാധിക്കുന്ന ജീവിതശൈലീരോഗമുള്ളവര്‍ എപ്പോഴും ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. ചില ഭക്ഷണങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഐബിഎസുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായൊരു ഭക്ഷണമാണ് നേന്ത്രപ്പഴം.
ഇന്ന് മിക്കവരും നേരിടുന്നൊരു പതിവ് ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. പ്രധാനമായും ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ അനാരോഗ്യകരമായ ശീലങ്ങളാണ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കാരണം, ഇതില്‍ നിന്നുള്ള ആസിഡ് റിഫ്ളക്സ് വളരെ കുറവാണ്. അതുപോലെ തന്നെ മലബന്ധം ഒഴിവാക്കാനും ഏറെ ഉപകരിക്കുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം.