Home അറിവ് 2020 ല്‍ പ്രളയസാധ്യതയുണ്ടോ?

2020 ല്‍ പ്രളയസാധ്യതയുണ്ടോ?

2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തെ നേരിട്ട കേരള ജനത 2020ലെ മണ്‍സൂണിനെ പ്രളയ ഭയത്തോടെയാണ് കാണുന്നത്. ഈ വര്‍ഷവും പ്രളയത്തെ നേരിടേണ്ടി വരുമോ എന്ന ഭയവും കൊറോണ ഭീതിയും ഒരു പോലെ നിലനില്‍ക്കുണ്ട്. കഴിഞ്ഞ ദിവസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷത്തില്‍ പ്രളയ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കാലാസ്ഥാ വിദഗ്ദരും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ റഡാര്‍ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ്, അഡൈ്വസര്‍ സെന്‍ര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ചിലെ ഡോ.പി. വിജയകുമാര്‍ എന്നിവര്‍.

പ്രളയസാധ്യതയുണ്ടോ?
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പശ്ചിമ ശാന്തസമുദ്രത്തിലെ ടൈഫൂണ്‍ ആക്ടിവിറ്റി വളരെ കുറവാണ്. മാത്രമല്ല, പശ്ചിമഘട്ടത്തില്‍ ഏത് പ്രദേശത്താണ് തീവ്രമഴ ഉണ്ടാകുക എന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഇന്ത്യന്‍ കരപ്രദേശത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദങ്ങളുടെ തീവ്രതയേയും സഞ്ചാര പാതയേയും ആശ്രയിച്ചതാണിരിക്കുന്നത്. അതിനാല്‍ കേരളത്തില്‍ ഈ വര്‍ഷം ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന പെരുമഴക്കുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തില്‍ കുറവാണെന്ന് അനുമാനിക്കാം. കൊവിഡ് പശ്ചാത്തലത്തില്‍ ചെറിയ വെള്ളപ്പൊക്കങ്ങളും, മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലുകളും പോലും  ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കും. ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടതാണ്. മുന്‍പ് സൂചിപ്പിച്ചു തേപാലെ ജൂണ്‍-ജൂലൈ മാസത്തെ മഴക്കുറവ് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസം പരിഹരിക്കപ്പെട്ടില്ലെങ്കില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഒരേ സീസണില്‍ തന്നെ പ്രളയവും വരള്‍ച്ചയും നേരിടേണ്ട അവസ്ഥയും മുന്നില്‍കണേണ്ടതാണ്.
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന 10 സെ.മിന്  മുകളില്‍  മഴ ലഭിക്കുന്നത് ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ വാനപ്രദേശങ്ങളിലും മലയോര മേഖലകളിലും ആയതിനാല്‍ അടുത്ത ദിവസങ്ങളിലും 10 മുതല്‍ 20 സെ.മിവരെ മഴ ലഭിക്കുവാനുള്ള സാഹചര്യം ഗൗരവത്തില്‍ എടുക്കേണ്ടതാണ്. ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം വളരെ വേഗത്തില്‍ പടിഞ്ഞാറു ദിശയില്‍ നീങ്ങുന്നതിനാല്‍, ഒരു പക്ഷെ  ഓഗസ്റ്റ് 7 നു ശേഷം മഴ കുറയാനും സാധ്യത കാണുന്നു. എന്നാല്‍ മറ്റൊരു മണ്‍സൂണ്‍ മഴപ്പാത്തി വീണ്ടും സജീവമായാല്‍ 8 – 9 വരെയും മഴ ലഭിക്കാം. ഈ അവസരത്തില്‍ കൂമ്പാര മേഘങ്ങള്‍ ഉണ്ടാകുവാനുള്ള സാഹചര്യമുണ്ടായാല്‍ ചുരുങ്ങിയ കാലയളവില്‍ ലഭിക്കുന്ന വലിയ മഴയും ഒരു ഭീഷണിയായേക്കാം.