Home കൗതുകം വീട്ടിലൊരു ബുളറ്റുണ്ടോ… എങ്കില്‍ വീട്ടിലേക്കുള്ള വൈദ്യുതി മുഴുവന്‍ ഉല്‍പാദിപ്പിക്കാം…

വീട്ടിലൊരു ബുളറ്റുണ്ടോ… എങ്കില്‍ വീട്ടിലേക്കുള്ള വൈദ്യുതി മുഴുവന്‍ ഉല്‍പാദിപ്പിക്കാം…

വീട്ടിലൊരു ബുള്ളറ്റുണ്ടെങ്കില്‍ വീട്ടിലേക്കുള്ള വൈദ്യുതി മുഴുവന്‍ ഉല്‍പാദിപ്പിക്കാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ് ഇത്തരത്തില്‍ ഒരു ഐഡിയ കണ്ടുപിടിച്ച പാലക്കാട് പുലാപറ്റയിലെ ഹരിനാരായണന്‍ പറയുന്നത് കേട്ടാല്‍ നിങ്ങള്‍ ശരിയ്ക്കും ഞെട്ടും. ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുന്നവര്‍ക്ക് സൂപ്പര്‍ മോട്ടിവേഷനാണ് ഹരിനാരായണന്റെ ബുള്ളറ്റ് വൈദ്യുതി കഥ.

ഏഴ് വര്‍ഷങ്ങളായി ഹരിനാരായണന്‍ തന്റെ വീട്ടിലേക്കുള്ള മുഴുവന്‍ വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നത് സ്വന്തം ബുള്ളറ്റില്‍ നിന്നാണ്. ഇതുവരെ കെഎസ്ഇബി കണക്ഷണ്‍ പോലും എടുത്തിട്ടില്ല. 1982 മോഡല്‍ ഡീസല്‍ ബുള്ളറ്റില്‍ നിന്നാണ് ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. റോഡില്‍ 90 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. അഞ്ചര എച്ച് പി എഞ്ചിനിലെ ഫ്‌ളൈ വീലില്‍ ബെല്‍ട്ട് ഘടിപ്പിച്ചാണ് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇല്ക്ട്രിക് മോട്ടര്‍ പ്രവര്‍ത്തിക്കുന്ന അതേ പവറില്‍ വീടിന്റെ ഒന്നാം നിലയിലേക്കോ രണ്ടാം നിലയിലേക്കോ വെളളം എളുപ്പത്തില്‍ അടിയ്ക്കാന്‍ സാധിക്കുമെന്ന് ഹരി പറയുന്നു.

ദിവസം മുഴുവന്‍ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിട്ടല്ല വീട്ടില്‍ കറന്റ് ഉപയോഗം നടക്കുന്നത്. വീട്ടിലേക്ക് വെള്ളം അടിക്കുന്ന അതേ സമയത്ത് ബാറ്ററിയിലേക്ക് ചാര്‍ജ് ശേഖരിക്കപ്പെടുന്നു. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാം. ഇത്തരത്തില്‍ ശേഖരിക്കുന്ന വൈദ്യുതി കൂടുതലായും രാത്രി സമയത്താണ് ഉപയോഗിക്കുന്നത്. ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വെറും 50 മില്ലി ഡീസല്‍ മാത്രം മതി. കുറഞ്ഞ ചിലവില്‍ ആവശ്യത്തിന് വൈദ്യുതി ലഭിക്കുമ്പോള്‍ എന്തിനാണ് കെസ്ഇബി കണക്ഷന്‍ എന്നാണ് ഹരി ചോദിക്കുന്നത്.

സ്വന്തം വീട്ടിലേക്കുള്ള വൈദ്യുതി മാത്രമല്ല ഈ ബുള്ളറ്റില്‍ നിന്നും ലഭിക്കുന്നത്. നാട്ടില്‍ ആരുടെയെങ്കിലും വീട്ടില്‍ വൈദ്യുതി ഇല്ലാത്ത സാഹചര്യത്തില്‍ ഓടിയെത്താനും ഹരിയുടെ ബുള്ളറ്റിന് മടിയില്ല. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്കും പ്രിയപ്പെട്ടതാണ് വൈദ്യുതി തരുന്ന ഈ ബുള്ളറ്റ്. പന്ത്രണ്ട് വര്‍ഷത്തോളമായി ബുള്ളറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്, ഏഴ് വര്‍ഷത്തോളമായി വൈദ്യുതിയ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇതിനോടകം നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് ഹരി അര്‍ഹനായിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത ഒരു കാലത്ത് ജീവിക്കേണ്ടി വന്നാല്‍ പുതുതലമുറയ്ക്ക് ഇതൊരു ആശയമാക്കി എടുക്കാം എന്നാണ് ഹരിനാരായണന്‍ പറയുന്നത്.