നിറങ്ങളുടെ ലോകത്തേക്കുള്ള മടക്കയാത്രയായിരുന്നു ബോട്ടില്‍ ആര്‍ട്ടും പെയിന്റിങ്ങുമെല്ലാം… സ്വന്തം വര്‍ക്കുകള്‍ കണ്ട് സന്തോഷം കണ്ടെത്തിയ ലോക്ക് ഡൗണ്‍ കാലം ; ശില്‍പ്പ രാഗില്‍

    ‘ അത്രയേറെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒന്നായിരുന്നു പെയിന്റിംഗ്. അത് എനിക്ക് വെറും ഹോബി മാത്രമായിരുന്നില്ല, സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്ത് എന്റെ ഐഡന്റിയായിരുന്നു, മത്സരങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനുള്ള എന്റെ ഭയം ഇല്ലാതാക്കി, എന്നിലുള്ള കഴിവില്‍ സ്വയം അഭിമാനം കൊള്ളാന്‍ പഠിപ്പിച്ചു… അങ്ങനെ എനിക്ക് എല്ലാമായിരുന്നു വരയുടെ ലോകം… അതെനിക്ക് തിരികെ തന്നത് ലോക്ക് ഡൗണ്‍ കാലഘട്ടം ആണെന്ന് പറയാം.’ ഡെന്റല്‍ ഡോക്ടറായ ശില്‍പ്പ രാഗില്‍ പറയുന്നു…

    ഒരുപാട് നഷ്ടപ്പെടലുകളുടെയും വേദനയുടെയും കാലമായി ഈ കൊറോണ പ്രതിസന്ധി മാറുമ്പോഴും അതിനിടയിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിലരുണ്ട്. ഇനിയെന്ത് ചെയ്യും, ഒന്നും ചെയ്യാന്‍ ഇല്ലല്ലോ എന്നൊക്കെ പറഞ്ഞ് ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ക്കിടയില്‍ അല്പം വ്യത്യസ്തയാകുകയാണ് ഡോ. ശില്‍പ്പ രാഗില്‍. ‘ബിഡിഎസ് പഠിനത്തിനായി തയ്യാറായപ്പോള്‍ വരയുടെ ലോകത്ത് നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, പഠനം കഴിഞ്ഞ ഇറങ്ങിയ ഉടന്‍ ജോലി. അഞ്ച് വര്‍ഷം ദാ ഓടി പോയി. ഇഷ്ടമുള്ളതെല്ലാം ചെയ്ത് ജീവിതം ആഘോഷിച്ച കാലം. അപ്പോഴൊന്നും വെറുതെ ഇരിക്കുക എന്നൊരു അവസ്ഥ ഉണ്ടായിട്ടേ ഇല്ല…’

    വിവാഹത്തിന് ശേഷം കരിയറില്‍ ഒരു ബ്രേക്ക് വന്നു. പിന്നീട് മോളുണ്ടായി. ഇപ്പോള്‍ മോള്‍ക്ക് ഒന്നര വയസ്സ്. ജീവിതത്തിലെ മാറ്റങ്ങള്‍ അംഗീകരിച്ചല്ലേ തീരൂ.. കരിയര്‍ ബ്രേക്ക് വന്നതില്‍ വിഷമം ഉണ്ടായിരുന്നെങ്കിലും മോള്‍ ഉള്ളത് കൊണ്ട് മനസ്സിനെ അത് വല്ലാതെ അലട്ടിയില്ല. സാഹചര്യങ്ങള്‍ മാറിയത് വളരെ പെട്ടന്നായിരുന്നു. ഒരു ഡോക്ടര്‍ ആയത് കൊണ്ടു തന്നെ കൊറോണ വൈറസ് വ്യാപനം മനസ്സിന് ടെന്‍ഷന്‍ തന്നെയായിരുന്നു. കാര്യങ്ങള്‍ വഷളായകുന്നതും ലോക്ക് ഡൗണ്‍ വന്നതുമെല്ലാം ഓര്‍ക്കാപ്പുറത്ത് സംഭവിച്ചത് പോലെ തോന്നി. പിന്നീടുള്ള കുറച്ച് ദിവസം ഓര്‍ക്കാന്‍ ഇന്നും ഇഷ്ടമില്ല.

    മോള്‍ കൂടെയുണ്ടെങ്കിലും പുറം ലോകം കാണാതെയുള്ള ദിവസങ്ങള്‍ മനസ്സിന്റെ താളം തെറ്റിച്ചു. എന്ത് ചെയ്യും എന്ന അന്വേഷണത്തിലായിരുന്നു കുറച്ച് ദിവസങ്ങള്‍. എത്ര വളര്‍ന്നാലും ഉള്ളിലുള്ള കലയെ മറക്കില്ലല്ലോ… അടുത്ത ദിവസം മുതല്‍ വരയ്ക്കാന്‍ തുടങ്ങി. കുപ്പികള്‍ ശേഖരിക്കാന്‍ തുടങ്ങി. ബോട്ടില്‍ ആര്‍ട്ട് എന്ന പേര് വരുന്നതിന് മുന്‍പ് തന്നെ വീട്ടിലെ അരിഷ്ടക്കുപ്പികളിലും മരുന്ന് കുപ്പികളിലും വരച്ച എന്നെ ഞാന്‍ കണ്ടെത്തി. പിന്നീട് വരയുടെ ദിവസങ്ങളായിരുന്നു.

    ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നതും ക്യാന്‍വാസില്‍ വരയ്ക്കുന്നതും എന്റെ സന്തോഷത്തിന് വേണ്ടി മാത്രമായിരുന്നു. വര്‍ക്കുകള്‍ കണ്ട് സ്വയം ആനന്ദിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വരയ്ക്കുന്നത് എന്ന് ഓര്‍ത്തത് അപ്പോഴാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും വരയുടെ ലോകത്ത് ഞാന്‍ എന്നെ ഓര്‍ത്ത് അഭിമാനിച്ചു. ദിവസങ്ങള്‍ കഴിയുംതോറും വര്‍ക്ക് ചെയ്ത കുപ്പികളുടെ എണ്ണം കൂടിയപ്പോള്‍ സുഹൃത്തുകള്‍ക്കും ബന്ധുകള്‍ക്കും സമ്മാനിച്ചു. നീണ്ട നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം മനസ്സറിഞ്ഞ് ചിരിയ്ക്കാനും സന്തോഷം കണ്ടെത്താനും ഞാന്‍ പഠിച്ചു. ലോക്ക് ഡൗണ്‍ കാലം എന്നെ പഠിപ്പിച്ചു എന്നും പറയാം.

    വരയ്ക്കുമ്പോഴും ആര്‍ട്ട് വര്‍ക്ക് ചെയ്യുമ്പോഴും മോളെ കൂടി കൂട്ടാറുണ്ട്. അവള്‍ക്ക് ചില പൊടികൈകള്‍ ഒക്കെ പറഞ്ഞു കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് ചിത്രം വരയ്ക്കാന്‍ മാത്രമല്ല വര പഠിപ്പിക്കാനും കഴിയും എന്ന് പിടികിട്ടിയത്. അങ്ങനെ ബോട്ടില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ടിപ്‌സും ട്രിക്‌സും ഹോം ഡെക്കര്‍ ഐഡിയകളും എല്ലാം പഠിപ്പിച്ച് കൊടുക്കാറുണ്ട്. എന്നെ പോലെ ആയിരം അമ്മമാര്‍ ഇത്തരം മാനസിക സംഘഷങ്ങളില്‍ കൂടി കടന്ന് പോകുന്നവരായിരിക്കും, അതുകൊണ്ടു തന്നെ അവരോട് പറയാന്‍ ഉള്ളത് ഒന്ന് മാത്രമാണ്, നമ്മള്‍ കടന്ന് പോകുന്ന സാഹചര്യത്തെ മറിക്കടക്കാന്‍ സമയമെടുക്കും, അതുകൊണ്ടു തന്നെ അതിജീവിക്കാന്‍ മനസ്സിനെ തയ്യാറെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ കണ്ടെത്തുക, അതിപ്പോള്‍ വര മാത്രമല്ല, കൃഷിയാകാം, പൂക്കളാകാം, പാട്ടോ നൃത്തമോ എന്തോ ആകാം. നിങ്ങളുടെ മനസ്സിന് കിട്ടുന്ന സന്തോഷം വീട് മുഴുവന്‍ പോസറ്റീവ് എനര്‍ജിയായി മാറും എന്നതില്‍ സംശയമില്ല.