അടുത്ത ഏതാനം ചില മാസങ്ങള്‍ക്കുള്ളില്‍ എഴുപത് വയസ്സ് തികയാന്‍ പോകുന്ന ഒരാളുടെ ചിത്രം മനസ്സില്‍ സങ്കല്‍പ്പിച്ച് നോക്കൂ… പ്രായാധിക്യ പ്രശ്‌നങ്ങള്‍ കാരണം ക്ഷീണവും തളര്‍ച്ചയും ഷുഗറും പ്രഷറും ഒക്കെയായിട്ടുള്ള വാര്‍ധക്യം ആ സങ്കല്‍പ്പത്തില്‍ നിന്നും മനസ്സിലേക്ക് കയറി വരും. ലോക്ക് ഡൗണ്‍ കൂടി ആയപ്പോള്‍ ഇനി ഒന്നും ചെയ്യാനില്ല എന്ന അവസ്ഥ കൂടിയായി.. ഇക്കൂട്ടര്‍ക്ക് പ്രചോദനമായി ഒരു കിടിലന്‍ ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി.
ഈ പ്രായത്തിലും ഇരുപതുകാരന്റെ മനസ്സും ശാരീരികക്ഷമതയും അദ്ദേഹം നിലനിർത്തുന്നു. ഇനിയും നൂറുവർഷം അഭിനയിക്കാനുള്ള ബാല്യം തന്നിൽ അവശേഷിക്കുന്നു എന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്. നമുക്കെല്ലാവർക്കും മാതൃകയാണ് അദ്ദേഹം.
പ്രായം എന്നത് കേവലം അക്കം മാത്രമാണ്. പക്ഷേ ഓരോ സ്വപ്നങ്ങൾക്കും ഓരോ പ്രായപരിധിയുണ്ട് എന്നാണ് നാം ധരിച്ചുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസം,ജോലി,വിവാഹം,പ്രണയം തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ‘അതിന്റേതായ സമയം’ ഉണ്ടെന്ന് നാം വിശ്വസിക്കുന്നു. ഈ പൊതുബോധം തെറ്റിക്കുന്നവർ പരിഹസിക്കപ്പെടുകയും ചെയ്യും.
പക്ഷേ സ്വപ്നങ്ങൾക്ക് അങ്ങനെ യാതൊരു വിധ പരിധികളുമില്ല. മോഹങ്ങളെ പിന്തുടരാനുള്ള നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ നാം ഉയരങ്ങൾ കീഴടക്കിയിരിക്കും. അവിടെ പ്രായം ഒരു വിഷയമേ അല്ല. അതാണ് മമ്മൂട്ടി തെളിയിക്കുന്നത്.