ഇത് വെറും കാടല്ല, ‘അന്നവനം’ എന്ന് വേണം വിളിയ്ക്കാന്‍

    ആലപ്പുഴയിലെ എഴുപുന്ന എന്ന പ്രദേശത്ത് ഒരു കാടുണ്ട്. സ്വാഭാവികമായി നിലനില്‍ക്കുന്ന കാടിനെ കുറിച്ചല്ല കേട്ടോ പറഞ്ഞു വരുന്നത്. നിഖില്‍ ബോസ് എന്ന ചെറുപ്പക്കാരന്‍ നട്ടുനനച്ച് വളര്‍ത്തിയെടുത്ത കാട്. വീട്ടിലേക്കുള്ള പഴങ്ങളും പച്ചക്കറികളും മത്സ്യവും എല്ലാം തരുന്ന അന്നവനം. നിഖിലിന്റെ 15 സെന്റ് ഭൂമിയില്‍ നടത്തിയ ഈ കാട് വിപ്ലവം അതിശയോക്തിയുണ്ടാക്കുന്നത് തന്നെയാണ്.

    പ്രകൃതികൃഷിയുടെ ആചാര്യനായ മസനോബു ഫുക്കുവോക്കയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഖില്‍ ഇത്തരത്തില്‍ കാട് എന്ന സങ്കല്‍പ്പത്തിലേക്ക് എത്തിയത്. കൃഷിയില്‍ പല പരീക്ഷണങ്ങളും ആരംഭിച്ചപ്പോള്‍ തനിക്ക് ഭ്രാന്താണോ എന്ന് പലരും ചോദിച്ചതായി നിഖില്‍ പറയുന്നു. എന്നാല്‍ ഉള്ളിലെ സ്വപ്‌നം തുടക്കത്തില്‍ ആരോടും പങ്കുവെച്ചിരുന്നില്ല.

    ബോട്ടണി, മൈക്രോബയോളജി എന്നീ വിഷയങ്ങളില്‍ ബുരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ നിഖിലിന് ചെറിയ പ്രായം മുതലേ കൃഷിയോട് അടുപ്പമുണ്ടായിരുന്നു. പിന്നീട് ജോലി കിട്ടിയതും താല്‍പര്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജൈവവളങ്ങളും മിത്രസൂക്ഷമാണുക്കളും നിര്‍മ്മിക്കുന്ന കമ്പനിയില്‍. അവിടെ നിന്നാണ് ജൈവ കൃഷിയെക്കുറിച്ചും സൂക്ഷ്മാണുക്കളെക്കുറിച്ചും ആഴത്തില്‍ പഠിച്ചത്.

    ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരീക്ഷണ അടിസ്ഥാനത്തില്‍ പ്രകൃതിയിലെ സ്വാഭാവിക രീതികളെ അടിസ്ഥാനപ്പെടുത്തി പെര്‍മ കള്‍ച്ചറിലേക്ക് തിരിഞ്ഞു. നാല് വര്‍ഷത്തെ കഷ്ടപ്പാട് പ്രളയത്തില്‍ ഒലിച്ച് പോയി. പിന്നീട് സംഭവിച്ച ആക്‌സിഡന്റ് സാരമായി തന്നെ ബാധിച്ചു. ആ കിടപ്പിലാണ് പ്രളയത്തില്‍നനിന്നും കൃഷി എങ്ങനെ സംരക്ഷിക്കാമെന്നും അടുത്തതായി എന്ത് ചെയ്യാമെന്നും പഠിച്ചത് എന്നും നിഖില്‍ പറയുന്നു.

    മീസോഅമേരിക്കന്‍ കൃഷി രീതിയായ ഹ്യൂഗര്‍കള്‍ച്ചര്‍ എന്ന കൃഷിയെക്കുറിച്ച് കൂടുതല്‍ പഠിച്ചു. തറയില്‍ നിന്നും മണ്ണ് നീക്കി മരതടികള്‍ അടിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇതില്‍ പച്ചിലകളും അറക്ക പൊടിയില്‍ ഇട്ട് ഉയര്‍ത്തും. ഇത് ജീര്‍ണിച്ചതിന് ശേഷം ഇതിലേക്ക് ചെടികള്‍ വെച്ച് കൊടുക്കും. സ്വാഭാവികമായി വെള്ളം വലിച്ചെടുക്കുന്ന ഈ രീതിയ്ക്ക് ജലസേചനം ആവശ്യമില്ലെന്നതും ലാഭകരമാണ്. കിളയ്ക്കലോ വളപ്രയോഗമോ ഒന്നും ആവശ്യമില്ല. മഴക്കാലത്ത് വിളകള്‍ ഒന്നും നശിക്കുകയോ ഒലിച്ച് പോകുകയോ ചെയ്യില്ല എന്നും നിഖില്‍ പറയുന്നു.

    കേരളത്തില്‍ കര്‍ഷകര്‍ക്ക് പ്രളയത്തെ നേരിടാന്‍ ഉതകുന്ന രീതിയാണിത്. വീട്ടിലേക്ക് വേണ്ട എല്ലാം ഈ പതിനഞ്ച് സെന്റില്‍ നിന്നും നിഖില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. യാതൊരു ചിലവും ഇല്ലാതെ തന്നെ.