ഡെൽറ്റ വകഭേദം ചെറുക്കാൻ വഴികളുമായി പഠന റിപ്പോർട്ട്. മുമ്പുണ്ടായിരുന്ന കോവിഡ് വകഭേദങ്ങളെക്കാൾ 30 മുതൽ 70 ശതമാനം വരെ അധിക വ്യാപന ശേഷി ഉള്ളതാണ് ഡെൽറ്റ വേരിയന്റ് എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി ആർജ്ജിച്ചെടുക്കാനുള്ള വെല്ലുവിളിയാണ് ഈ സാഹചര്യം അടിവരയിടുന്നതെന്നാണ് ശാസ്ത്രവിദഗ്ധരുടെ വിലയിരുത്തൽ.
ഹേർഡ് ഇമ്മ്യൂണിറ്റി അഥവാ സമൂഹപ്രതിരോധശക്തി രോഗവ്യാപനത്തിനെതിരെയുള്ള ഒരു പ്രതിരോധമതിൽ തീർക്കലാണ്. ജനസംഖ്യയിലെ ഒരു കൂട്ടം ആളുകൾ രോഗബാധമൂലമോ വാക്‌സിനേഷൻ മൂലമോ ആർജ്ജിക്കുന്ന രോഗപ്രതിരോധശേഷി കാരണം പ്രതിരോധശക്തി ലഭിച്ചിട്ടില്ലാത്തവർക്കും സംരക്ഷണം ലഭിക്കുന്നതാണ് ഇത്. ഒരു വലിയ വിഭാഗം ആളുകൾ പ്രതിരോധശേഷി നേടുന്നതോടെ അണുബാധയുടെ ശൃംഘല നിലനിർത്തൽ അസാധ്യമാകും. ഡൽഹിയിൽ ഈ വർഷം കോവിഡ് പടർന്നുപിടിച്ച സാഹചര്യം പരിശോധിച്ചാൽ മുമ്പ് വൈറസ് ബാധ ഉണ്ടായവരിൽ ഡെൽറ്റ വേരിയന്റ് പിടിമുറുക്കില്ലെന്ന് പറയാനാകില്ല.
രോഗവ്യാപനം തടയാൻ ഹേർഡ് ഇമ്മ്യൂണിറ്റി ആർജ്ജിക്കുക എന്നത് നിർണ്ണായകം തന്നെയാണ്. എന്നാൽ മുമ്പൊരിക്കൽ കോവിഡ് വന്നുപോയതുകൊണ്ടുമാത്രം ഡെൽറ്റ വേരിയന്റിനെതിരെ പ്രതിരോധശേഷി ആർജ്ജിക്കാൻ കഴിയില്ലെന്ന് ഡൽഹി സംഭവം കാണിക്കുന്നു. ഡെൽറ്റ വകഭേദത്തെ ഇല്ലാതാക്കുകയോ വ്യാപനം തടയുകയോ ചെയ്യാൻ ഡെൽറ്റ തന്നെ ബാധിക്കുകയോ വാക്‌സിൻ ബുസ്റ്റർ ഡോസ് എടുക്കുകയോ മാത്രമാണ് മാർഗ്ഗമെന്ന് പഠനം നടത്തിയ ഗവേഷകർ പറയുന്നു. ഡൽറ്റയെ തടയാൻ തക്ക നിലയിൽ ആന്റിബോഡി ലെവൽ ഉയർത്താൻ ഇങ്ങനെ മാത്രമേ സാധിക്കൂ എന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.