Home അറിവ് സര്‍ക്കാരിന്റെ വീടിനായി അപേക്ഷിക്കാവുന്ന അവസാന തീയതി നീട്ടി

സര്‍ക്കാരിന്റെ വീടിനായി അപേക്ഷിക്കാവുന്ന അവസാന തീയതി നീട്ടി

വനരഹിതരായ ആളുകള്‍ക്ക് വീട് വെച്ച് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഇനി സെപ്റ്റംബര്‍ 9 വരെ അപേക്ഷ നല്‍കാനാകും. അര്‍ഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്..

ആഗസ്റ്റ് 27 ആയിരുന്നു അവസാന തീയതി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിരവധിയാളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസം നേരിട്ടു. ഇക്കാര്യം ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 9 വരെ സമയം നീട്ടിയത്. ആഗസ്റ്റ് 1 മുതല്‍ ഇതുവരെ 6,39,857 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉള്‍പ്പെടും.

www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഹെല്‍പ് ഡെസ്‌ക് വഴിയോ മറ്റ് ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ലൈഫ് മിഷന്റെ ആദ്യഘട്ടം ഇതിനോടകം പൂര്‍ത്തിയായെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.