Home കൗതുകം കണ്ടാല്‍ എന്തൊരു പാവം, പക്ഷേ കടികിട്ടിയാല്‍ പണി പാളും: അപകടകാരിയായ നീല അണലി, വീഡിയോ

കണ്ടാല്‍ എന്തൊരു പാവം, പക്ഷേ കടികിട്ടിയാല്‍ പണി പാളും: അപകടകാരിയായ നീല അണലി, വീഡിയോ

നീല നിറത്തിലുള്ള പാമ്പുകള്‍ അപൂര്‍വ്വവമാണ്. കാണുംതോറും കണ്ണുകളെ അതിശയിപ്പിക്കുന്ന വിധം അഴകുള്ള ഒരു നീലപ്പാമ്പിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒറ്റനോട്ടത്തില്‍ ‘ഒറിജിനല്‍’ തന്നെയല്ലേ എന്നുവരെ സംശയം തോന്നിയേക്കാം. അത്രമാത്രം ഭംഗിയാണ് ഇതിനെ കാണാന്‍. കടും ചുവപ്പ് പനിനീര്‍പ്പൂവിന് മുകളിലായി ഇരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കാണാന്‍ നല്ല ചന്തമുണ്ടെങ്കിലും ഇത് വളരെ അപകടകാരിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അണലി വര്‍ഗത്തില്‍ പെടുന്ന അപൂര്‍വ്വയിനമാണ് ഈ പാമ്പ്. കടിച്ചാല്‍ ആന്തരീക രക്തസ്രാവത്തിനും ബാഹ്യമായ രക്തസ്രാവത്തിനും ഒരുപോലെ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പൊതുവില്‍ വളരെയധികം അക്രമവാസന വച്ചുപുലര്‍ത്തുന്ന ഇനമാണിത്. അസഹനീയമായ വേദനയുണ്ടാക്കുന്നതും അപകടപ്പെടുത്താന്‍ കഴിവുള്ളതുമായ വിഷമാണ് ഇതിനുള്ളത്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ, കാണാനുള്ള കൗതുകം മൂത്ത് ഇതിനെ തൊടാനോ, കളിപ്പിക്കാനോ എല്ലാം അടുത്തേക്ക് ചെന്നാല്‍ വിവരമറിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്തോനേഷ്യ, കിഴക്കന്‍ തിമോര്‍ എന്നീ രാജ്യങ്ങളില്‍ കാണുന്ന ‘പിറ്റ് വൈപ്പര്‍’ ഗണത്തില്‍പ്പെട്ടതാണ് നീല നിറത്തിലുള്ള ഈ അണലി. ഈ രാജ്യങ്ങളില്‍ പച്ചനിറത്തിലുളള അണലികളാണ് സാധാരണയായി കാണുന്നത്. അപൂര്‍വ്വമായി നീല നിറത്തിലുളള പാമ്പുകളെയും കണ്ടെത്തിയിട്ടുണ്ടെന്ന് മോസ്‌കോ മൃഗശാല വ്യക്തമാക്കുന്നു.

‘ലൈഫ് ഓണ്‍ എര്‍ത്ത്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തെത്തിയത്. അമ്പതിനായിരത്തിലധികം പേര്‍ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. ‘റെഡ്ഡിറ്റ്’ലും ഈ വീഡിയോ ഹിറ്റായിരുന്നു. ലക്ഷങ്ങളാണ് ‘റെഡ്ഡിറ്റി’ല്‍ ഇത് കണ്ടത്.