Home കൗതുകം വയറില്‍ ട്യൂമറെന്ന് കരുതി ശസ്ത്രക്രിയ; ഓപ്പറേഷന്‍ തിയേറ്ററില്‍ ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

വയറില്‍ ട്യൂമറെന്ന് കരുതി ശസ്ത്രക്രിയ; ഓപ്പറേഷന്‍ തിയേറ്ററില്‍ ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

വയറുവേദനയ്ക്കായി ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോ വരുന്ന പന്ത് രൂപത്തിലുള്ള മുടി. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്ക് വര്‍ഷങ്ങളായി തലമുടി കഴിക്കുന്ന ശീലമുണ്ടായിരുന്നു.

വയറുവദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴ്കാരിയായ സ്വീറ്റി കുമാരിയുടെ വയറ്റില്‍ നിന്ന് ഇത്രയും അധികം മുടിയുടെ നിക്ഷേപം കണ്ടെടുത്തത്. ഡിജിഎന്‍ സാഹുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മുടി നീക്കം ചെയ്തത്.

വര്‍ഷങ്ങളോളമായി മുടി വിഴുങ്ങുന്ന ശീലമുള്ളതിനാല്‍ വയറ്റില്‍ അവ പന്ത് രൂപത്തിലാണ് കാണപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് വയറ്റില്‍ ട്യൂമറാണെന്നാണ് കരുതിയിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ നാല്‍പത് വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യമായാണ് അടിവയറ്റില്‍ ഇത്രയും വലിയ തലമുടി അടിഞ്ഞുകൂടിയ സംഭവം കാണുന്നതെന്ന് ഡോ. സാഹു പറഞ്ഞു.

മുടി കഴിക്കുന്നത് റാപ്പുന്‍സല്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ ഒരു ശീലം ഉടലെടുത്താല്‍ പിന്നീട് അവ തടയാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മുടി ജൈവ വിസര്‍ജ്ജ്യമല്ലാത്തതിനാല്‍ അത് ആമാശയത്തില്‍ ശേഖരിക്കുകയും ഒരുമിച്ച് ഒരു കൂട്ടമായി മാറുകയും ചെയ്യും.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പറയുന്നതനുസരിച്ച്, 2018 ലെ കണക്കനുസരിച്ച് അത്തരം 90 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അടിവയറ്റിലെ പന്ത് രൂപേണയുള്ള മുടിയുടെ സാന്നിധ്യം നിര്‍ജ്ജലീകരണം, പോഷകാഹാരക്കുറവ്, ഛര്‍ദ്ദി, വയറുവേദന, മലവിസര്‍ജ്ജനം എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.