Home കൃഷി 60 വയസ് പിന്നിട്ട കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷേമ ബോര്‍ഡ് സംബന്ധിച്ച കരട് ചട്ടങ്ങള്‍ തയ്യാറായി: വിശദവിവരങ്ങളറിയാം

60 വയസ് പിന്നിട്ട കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷേമ ബോര്‍ഡ് സംബന്ധിച്ച കരട് ചട്ടങ്ങള്‍ തയ്യാറായി: വിശദവിവരങ്ങളറിയാം

60 വയസ് പിന്നിട്ട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നു. കേരള കര്‍ഷക ക്ഷേമ ബോര്‍ഡില്‍ അംഗമായി അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുന്നവര്‍ക്കാണ് 60 വയസ് തികയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുക. ഇത് സംബന്ധിച്ചുള്ള കരടു ചട്ടങ്ങള്‍ തയാറായി.

അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്‍ഷന്‍ കണക്കാക്കുക. പെന്‍ഷന്‍ തുക എത്രയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മൂന്ന് വര്‍ഷം വരെ കൃഷി ചെയ്തവര്‍ക്ക് ഇതില്‍ അംഗമാകാം. ക്ഷേമ ബോര്‍ഡില്‍ 18 മുതല്‍ 55 വരെയാണ് അംഗത്വത്തിനു പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

കൃഷി അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതില്‍ അംഗമാവാം. 100 രൂപയാണ് അംഗത്വം എടുക്കാന്‍ അടക്കേണ്ടത്. അംശദായമായി എത്ര തുക വേണമെങ്കിലും അംഗങ്ങളുടെ താല്‍പര്യ പ്രകാരം അടയ്ക്കാം. അംശദായമായി മിനിമം അടക്കേണ്ടത് 100 രൂപയാണ്. സര്‍ക്കാര്‍ വിഹിതമായി 250 രൂപ അടയ്ക്കും.

ബോര്‍ഡില്‍ അംഗമാകുന്നവര്‍ക്ക് 8 ആനുകൂല്യങ്ങള്‍ ലഭിക്കും. മക്കളുടെ വിദ്യാഭ്യാസം, ഉപരിപഠനം, വിവാഹ ധനസഹായം, അവശത പെന്‍ഷന്‍, മരണാനന്തര ആനുകൂല്യം, പ്രസവാനുകൂല്യം, പെന്‍ഷന്‍, അപകട ഇന്‍ഷുറന്‍സ്, ചികിത്സാ സഹായം തുടങ്ങിയവയാണിവ. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും ബോര്‍ഡില്‍ അംഗമാക്കാനാണു സര്‍ക്കാര്‍ തീരുമാനം.