Home അന്തർദ്ദേശീയം വീട്ടുമുന്നിലെത്തിയ അത്ഭുതജീവിയെ കണ്ട് ആദ്യം ഞെട്ടി, പിന്നീട് പ്രതിഷേധം

വീട്ടുമുന്നിലെത്തിയ അത്ഭുതജീവിയെ കണ്ട് ആദ്യം ഞെട്ടി, പിന്നീട് പ്രതിഷേധം

രാവിലെ വീടിന് മുന്നിലെത്തിയ ജീവിയെക്കണ്ട് ഞെട്ടിയാണ് മലേഷ്യയിലെ ഒരു ​ഗ്രാമം ഉണർന്നത് തന്നെ. ഒരു കടുവക്കുട്ടി പലരുടെയും വീടിന് മുന്നിൽ വന്ന് നിന്നുകൊണ്ട് പരിചയം നടിക്കുകയായിരുന്നു. ആദ്യം ഭയന്ന് പോയ ആളുകൾക്ക് പിന്നീട് ആളെത്തിരിച്ചറിഞ്ഞപ്പോൾ കൗതുകമായി.

തെരുവില്‍ അലഞ്ഞുനടക്കുന്ന നായയുടെ മേല്‍ കടുവയുടേതിന് സമാനമായ പെയിന്റ് അടിച്ചതായിരുന്നു. ആളുകളുടെ കൗതുകം പിന്നീട് പ്രതിഷേധമായി മാറി. അജ്ഞാതന്റെ പ്രവര്‍ത്തിയില്‍ മലേഷ്യയില്‍ പ്രതിഷേധം ശക്തമാകുകയാണ്. നായയുടെ മേല്‍ പെയിന്റടിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മലേഷ്യയിലെ അനിമല്‍ അസോസിയേഷനായ പെര്‍സാത്വാന്‍ ഹായ്വാന്‍ രംഗത്തെത്തി.

സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന. മൃഗങ്ങളുടെ ശരീരത്തില്‍ കളര്‍ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ നിറങ്ങള്‍ വിഷമുള്ളതാണെന്നും ഇത് മൃഗങ്ങളെ ബാധിക്കുമെന്നുമാണ് ഇതിനെതിരെ ഉയരുന്ന ആരോപണം.

‘നായ ആരുടേതാണെന്നും സ്ഥലം എവിടെയാണെന്നും മലേഷ്യന്‍ മൃഗസംരക്ഷണ സംഘടന കണ്ടെത്തിയിട്ടുണ്ട്’ നായയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത ഓറഞ്ച് നിറത്തില്‍ കറുത്ത വരകളാണ് നായയുടെ ശരീരത്തിന് നല്‍കിയിരിക്കുന്നത്.