Home അറിവ് വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം

വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം

ലോകത്തിലെ ഏറ്റവും പ്രചാരത്തിലുള്ള ഗെയിം ആപ്പ് പബ്ജി ഇന്ത്യയില്‍ നിരോധിച്ചു. പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകളാണ് കേന്ദ്ര ഐ ടി മന്ത്രാലയം നിരോധിച്ചത്. ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണ് നിരോധനം. ഇത്തരം ആപ്പുകൾ രാജ്യത്തിന്റെ പരമാധികാരത്തിനും പൗരന്മാരുടെസ്വകാര്യതക്കും ഭീഷണിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിരോധനം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

ആൻഡ്രോയിഡിലും ഐഒഎസിലും ഉള്ള ചൈനീസ് ആപ്പുകൾ ഉപഭോക്താക്കളുടെ ഡേറ്റ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിനു പോലും ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

നിലവിൽ പബ്‌ജി ഗെയിം കളിക്കുന്ന 33 മില്യൻ ആളുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. രാജ്യത്തെ കോടാനുകോടി മൊബൈൽ– ഇന്റർനെറ്റ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം ആപ്പുകൾ നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം സെന്ററിന്റെ നിർദേശമുണ്ടെന്നും സർക്കാർ അറിയിച്ചു.