Home ആരോഗ്യം ഇന്ത്യയിലെ വാക്സിനേഷൻ 100 കോടിക്കടുത്ത്; പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു

ഇന്ത്യയിലെ വാക്സിനേഷൻ 100 കോടിക്കടുത്ത്; പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു

രാജ്യത്തെ വാക്സിനേഷൻ തോത് 100 കോടിയിലേക്കെത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50,63,845 ഡോസ് വാക്സിനുകൾ നൽകിയതോടെ നിലവിലെ കണക്ക് പ്രകാരം രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 96.43 കോടി പിന്നിട്ടു. 94,26,400 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

വാക്സിനേഷൻ 100 കോടിക്കടുത്തെത്തുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,844 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,33,42,901 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.06%. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 108-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 15,823 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,07,653 പേരാണ്. കഴിഞ്ഞ 214 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,25,399 പരിശോധനകൾ നടത്തി. ആകെ 58.63 കോടിയിലേറെ പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.46 ശതമാനമാണ്. കഴിഞ്ഞ 110 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 44 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും, 127 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.