മാറിയ ജീവിതരീതികൾ കാരണം മിക്കവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ശരീരത്തിൽ അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പ്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അരക്കെട്ടിലാണ് പലപ്പോഴും കൊഴുപ്പ് കൂടുതൽ അടിഞ്ഞ് കൂടുന്നത്. ഇത് അരക്കെട്ടിനപ്പുറം തടി വർദ്ധിപ്പിക്കുന്നതിനും വയറും ചാടുന്നതിനും കാരണമാകുന്നു. എന്നാൽ ശരീരത്തിലെ അമിതമായ കൊഴുപ്പ് നിയന്ത്രിക്കാനൊരു എളുപ്പവഴിയുണ്ട്.
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യകരമായ ചില പാനീയങ്ങൾ കുടിച്ച് സൗന്ദര്യം വീണ്ടെടുക്കാം. ഇതിൽ ഒന്നാണ് ഗ്രീൻ ടീ. ശരീരത്തിലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, പ്രമേഹം, പക്ഷാഘാതം, മറവിരോഗം തുടങ്ങിയവയെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് ഗവേഷകരും മറ്റ് ആരോഗ്യരംഗത്തെ പ്രമുഖരും സാക്ഷ്യപ്പെടുത്തുന്നു.
ജലദോഷം, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങളെ തടയാൻ ഇഞ്ചി ചായ ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ കൊളസ്ട്രോൾ) അളവ് ഇഞ്ചി വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. അഞ്ച് ആഴ്ച തുടരെ ഇഞ്ചി ചായ കുടിച്ച ആളുകൾക്ക് ശരീരഭാരം ഗണ്യമായി കുറയുന്നത് കാണാനായെന്ന് European Review for Medical and Pharmacological Sciences ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇഞ്ചി ചായ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് നാരങ്ങ വെള്ളം. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് നന്നായി ആഗിരണം ചെയ്യാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.