Home ആരോഗ്യം കോവിഡ് മരുന്ന് പരീക്ഷണം: കൊച്ചിയിലെ കമ്പനിക്ക് രണ്ടാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു

കോവിഡ് മരുന്ന് പരീക്ഷണം: കൊച്ചിയിലെ കമ്പനിക്ക് രണ്ടാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു

കോവിഡിന് മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണം നടതതുന്ന കൊച്ചിയിലെ മരുന്ന് കമ്പനിക്ക് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതിലഭിച്ചു. കൊച്ചി ആസ്ഥാനമായ പിഎന്‍ബി വെസ്പര്‍ എന്ന കമ്പനിക്കാണ് അനുമതി ലഭിച്ചത്. ഈ മരുന്ന് ബ്രിട്ടനില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഡെക്സാമെത്താസോണിനെക്കാള്‍ നല്ല പ്രകടനമാണ് ആദ്യഘട്ടത്തില്‍ കാഴ്ചവെക്കുന്നതെന്ന വിലയിരുത്തലിലാണ് അനുമതി.

പിഎന്‍ബി-001 (ജിപിപി ബലഡോള്‍) എന്ന പേരിട്ടിരിക്കുന്നതാണ് രാസമൂലകം. മൂന്ന് പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാലാണ് മരുന്നിന് നിര്‍മാണാനുമതി കിട്ടുക. രണ്ടാംഘട്ടത്തില്‍ മികച്ച പ്രകടനമാണെങ്കില്‍ മുന്‍കൂട്ടി അനുമതി നല്‍കിയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെയെങ്കില്‍ മാസങ്ങള്‍ക്കകം കോവിഡ് മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

ഡ്രഗ്സ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതി പ്രകാരം പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കമ്പനി എംഡി തൃശ്ശൂര്‍ സ്വദേശി പിഎന്‍ ബലറാം പറഞ്ഞു. അമേരിക്ക, ഇംഗ്ലണ്ട്, തായ്ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കമ്പനിയുടെ ഗവേഷണം. ആദ്യ ഘട്ടത്തില്‍ 74 പേരാണ് പങ്കാളികളായത്.

അഹമ്മദാബാദ് കേന്ദ്രീകരിച്ചുനടന്ന പഠനത്തില്‍ മികച്ച ഫലവുമുണ്ടായി. ഇതിനെത്തുടര്‍ന്നാണ് ബയോസ്പിയര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് എന്ന സ്ഥാപനം വഴി രണ്ടാംഘട്ടത്തിനുള്ള അനുമതി തേടിയത്. പുണെ ബിജി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ഭേദപ്പെട്ട നാല്‍പ്പതുപേരിലാണ് പരീക്ഷണം.

ഡെങ്കിപ്പനിക്കെതിരായ മരുന്നിന്റെ അന്വേഷത്തിന്റെ ഭാഗമായി 2017 മുതല്‍ തന്നെ ഗവേഷണം തുടങ്ങിയിട്ടുണ്ട്. കുടലിന്റെയും കരളിന്റെയും നീര്‍വീക്കത്തിനെതിരേ ഇത് ഫലപ്രദമാണെന്ന നിഗമനവും വന്നു. കോവിഡ് രൂക്ഷമായതോടെ അതും കൂടി പരീക്ഷണത്തിന്റെ ഭാഗമാക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രതിരോധശേഷി നിയന്ത്രിക്കുന്ന സൈറ്റോക്കൈനുകളെ അവശ്യാനുസരണം ക്രമീകരിക്കുന്നതിലൂടെ രോഗബാധ തടയാന്‍ കഴിയുമെന്നതാണ് ഈ മരുന്നിന്റെ അടിസ്ഥാനതത്ത്വം.