Home ആരോഗ്യം ആരോഗ്യം തരും ബ്രൊക്കോളി..

ആരോഗ്യം തരും ബ്രൊക്കോളി..

കാബേജിന്റെയും കോളിഫ്ളവറിന്റേയും കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് ബ്രൊക്കോളി. ഇതിന്റെ മുകൾവശത്തുണ്ടാകുന്ന പൂവ് പോലെ തോന്നിക്കുന്ന ഭാഗമാണ് ഭക്ഷ്യവസ്തുവായി സാധാരണ ഉപയോഗിക്കുന്നത്. മലയാളിയുടെ വിഭവങ്ങളിൽ ഇപ്പോഴും ബ്രൊക്കോളിയുടെ ഉപയോഗം കുറവാണ്.
വിലക്കൂടുതൽ ഒരു കാരണമാണ്. ബ്രൊക്കോളിയുടെ ആരോഗ്യപരമായ ഗുണങ്ങൾ വളരെ ഉയർന്നതാണ് എന്ന് പലർക്കുമറിയില്ല.

വിറ്റാമിൻ സിയുടേയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. കൂടാതെ ഫൈറ്റോകെമിക്കലുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുമുണ്ട്. സസ്യങ്ങൾക്ക് നിറവും മണവും രുചിയും നൽകുന്ന രാസവസ്തുക്കളാണ് ഫൈറ്റോകെമിക്കലുകൾ. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫൈറ്റോകെമിക്കലുകൾക്ക് കഴിയും.

ബ്രൊക്കോളിയിലെ ആന്റിഓക്സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

ആഴ്ചയിൽ മൂന്നോ നാലോ തവണ ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ്-രണ്ട് പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, ചില തരം അർബുദം എന്നിവയെ പ്രതിരോധിക്കാൻ ശരീരത്തെ സജ്ജമാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

സൾഫർ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ആർത്രൈറ്റിസിനെ പ്രതിരോധിക്കാൻ ബ്രൊക്കോളിക്കാവും. ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിത രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.

ബ്രൊക്കോളിയിലടങ്ങിയിരിക്കുന്ന ഫെനോൾ സംയുക്തങ്ങൾ പാചകം ചെയ്യുമ്പോൾ നഷ്ടമാകാത്തവയാണ്. അതിനാൽ പാചകം ചെയ്തു കഴിഞ്ഞാലും ബ്രൊക്കോളിയുടെ ഗുണങ്ങൾ മുഴുവനായി ലഭിക്കും.