Home അറിവ് ടവറും വേണ്ട സിഗ്നലും വേണ്ട. ബഹിരാകാശത്തു നിന്നും ഫോൺ ചെയ്യാം. ഒരു സാറ്റലൈറ്റ് ഫോൺ വാങ്ങിയാലോ…?

ടവറും വേണ്ട സിഗ്നലും വേണ്ട. ബഹിരാകാശത്തു നിന്നും ഫോൺ ചെയ്യാം. ഒരു സാറ്റലൈറ്റ് ഫോൺ വാങ്ങിയാലോ…?

സാധാരണക്കാർക്കും സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ തയ്യാറെടുത്തിട്ട് രണ്ട് വർഷമായി. രാജ്യവ്യാപകമായി സാറ്റലൈറ്റ് ഫോൺ സർവീസ് ആരംഭിക്കുവാനാണ് ബിഎസ്എൻഎൽ നീക്കം.
സാറ്റലൈറ്റ് ഫോണുകളുടെ സേവനം ആരംഭിക്കുന്നതിനായി ബിഎസ്എൻഎൽ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് അപേക്ഷയും സമർപ്പിച്ചിരുന്നു. ബിഎസ്എൻഎൽ കാര്യം മുറപോലെ എന്നാണല്ലോ.
അതവിടെ നിക്കട്ടെ. നമുക്ക് സാറ്റലൈറ്റ് ഫോണിന്റെ പ്രത്യേകതകൾ നോക്കാം.


ഏത് അവസ്ഥയിലും പ്രവർത്തിക്കും എന്നതാണ് സാറ്റലൈറ്റ് ഫോണുകളുടെ മേന്മ. മൊബൈൽ ടവറുകളിൽ നിന്നുള്ള സിഗ്നൽ 25-30 കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് ലഭ്യമാവുക. എന്നാൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുന്നതിനാൽ സാറ്റലൈറ്റ് ഫോണുകൾക്ക് ഇത്തരമൊരു പരിമിതിയില്ല. ഒരു സാറ്റലൈറ്റിൽ നിന്ന് തന്നെ 35,700 കി.മീ വിസ്തൃതിയിൽ സിഗ്നലുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കും.


പറക്കുന്ന വിമാനത്തിൽ നിന്നോ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലിൽ നിന്നോ ഉൾക്കാട്ടിൽ നിന്നോ അങ്ങനെ ഏത് വിദൂരമേഖലയിൽ നിന്നും സാറ്റലൈറ്റ് ഫോണിലൂടെ കോൾ ചെയ്യാൻ സാധിക്കും.നിരവധി ഉപഗ്രഹങ്ങൾ സ്വന്തമായുള്ള ഇൻമർസാറ്റ് എന്ന ആഗോള നെറ്റ് വർക്ക് കമ്പനിയുമായി സഹകരിച്ചാണ് ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ സർവീസ് ആരംഭിക്കാൻ പോകുന്നതെന്നാണ് ബിഎസ്എൻഎൽ വ്യക്തമാക്കിയിരുന്നത്.

പൊതുജനങ്ങൾക്കായി സാറ്റലൈറ്റ് ഫോൺ സേവനം ലഭ്യമാക്കുന്നതോടെ വിദേശകമ്പനികൾ ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ തുറക്കുമെന്നും അതോടെ സാറ്റലൈറ്റ് ഫോണുകളുടെ വില കുറയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള സാറ്റലൈറ്റ് ഫോൺ കണക്ഷനുകളിൽ ഭൂരിപക്ഷവും സൈന്യമാണ് ഉപയോഗിക്കുന്നത്.
ഇപ്പോൾ ഒരു സാറ്റലൈറ്റ് കോളിന് വലിയ തുകയാണ് ഈടാക്കുന്നതെങ്കിലും വ്യാപകതോതിൽ സർവ്വീസ് ആരംഭിക്കുന്നതോടെ കോൾ ചാർജ്ജുകൾ കുറയുമെന്നാണ് പ്രതീക്ഷ.


വൈകാതെ തന്നെ ബിഎസ്എൻഎല്ലിന്റെ സാറ്റലൈറ്റ് ഫോണുകൾ പൊതുജനങ്ങളിലേക്ക് വ്യാപകമായി എത്തുമെന്ന് പ്രതീക്ഷിക്കാം.