Home വാണിജ്യം ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഷോങ് ഷാന്‍ഷാന്‍; അംബാനിയെ പിന്നിലാക്കിയ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച

ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഷോങ് ഷാന്‍ഷാന്‍; അംബാനിയെ പിന്നിലാക്കിയ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച

ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷാന്‍ ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയെയും ടെക്ക് ഭീമന്‍ ആലിബാബയുടെ തലവന്‍ ജാക്ക് മായെയും പിന്നിലാക്കിയാണ് ഷോങ് ഷാന്‍ഷാന്റെ വളര്‍ച്ച. ഇദ്ദേഹത്തിന്റെ ആസ്തി ഈവര്‍ഷം 70.9 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 77.8 ബില്യണ്‍ ഡോളറായതായി ബ്ലൂബെര്‍ഗിന്റെ ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു.

ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്. ചൈനയ്ക്ക് പുറത്ത് അധികം അറിയപ്പെടാത്ത ഷോങ് ആദ്യം മാധ്യമപ്രവര്‍ത്തകനായിരുന്നു. പിന്നീട് കൂണ്‍ കൃഷി പരീക്ഷിച്ചു. ആരോഗ്യ പരിരക്ഷ മേഖലയിലും തൊഴില്‍ ചെയ്തു. ശേഷം കുപ്പിവെള്ള വ്യവസായത്തിലേക്ക് തിരിയുകയായിരുന്നു. ഇത് ഇദ്ദേഹത്തിന്റെ തലവര തന്നെ മാറ്റിയെഴുതി. ലോകത്തെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്താണ് ഷോങ് ഷാന്‍ഷാന്‍.

ഷോങിനു തൊട്ട് പിന്നിലുള്ള മുകേഷ് അംബാനിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഒരു വര്‍ഷം കൊണ്ടാണ് അംബാനി ലോക കോടീശ്വര പട്ടികയില്‍ മികച്ച സ്ഥാനം നേടിയത്. മുകേഷിന്റെ ആസ്തി 76.9 ബില്യണ്‍ ഡോളറാണ്.

ചൈനയിലെ തന്നെ കോളിന്‍ ഹുവാങ് 63.1 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെന്‍സെന്റിന്റെ പോണി മാ 56 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി നാലാം സ്ഥാനത്തുമുണ്ട്. നേരത്തെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ആലിബാബയുടെ ജാക് മാ 51.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആറാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ടു.