Home അറിവ് വര്‍ക്ക് ഫ്രം ഹോം നിയമമാകുന്നു; കൂടുതല്‍ പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

വര്‍ക്ക് ഫ്രം ഹോം നിയമമാകുന്നു; കൂടുതല്‍ പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

പോര്‍ചുഗല്‍ മാതൃകയില്‍ വര്‍ക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്നതിന് ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് തുടര്‍ന്നും ചെയ്യുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജോലികള്‍ വരെ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിവിധ സ്വകാര്യ കമ്പനികള്‍ ഇപ്പോഴും വര്‍ക്ക് ഫ്രം ഹോമിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ടിസിഎസ് പോലുള്ള മുന്‍നിര കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി അടുത്തിടെ നീട്ടുക ഉണ്ടായി. വര്‍ഷങ്ങളോളം കോവിഡിനൊപ്പം ജീവിക്കാന്‍ ജനം നിര്‍ബന്ധിതരാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതിയ വകഭേദങ്ങള്‍ വരുന്നതും വര്‍ക്ക് ഫ്രം ഹോം മാതൃകയ്ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതിന് നിയമസാധുത നല്‍കുന്നതിന് ചട്ടം രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.

തൊഴില്‍ സമയം നിശ്ചയിച്ചും ഇലക്ട്രിസിറ്റി, ഇന്റര്‍നെറ്റ് എന്നിവയ്ക്ക് വരുന്ന ചെലവിന് പ്രത്യേക തുക അനുവദിച്ചും വര്‍ക്ക് ഫ്രം ഹോമിന് ചട്ടം രൂപീകരിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ക്ക് ഫ്രം ഹോമിന് എങ്ങനെ ചട്ടം രൂപീകരിക്കാം എന്നതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജനുവരിയില്‍ സേവനമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം സ്ഥിരമായി നടപ്പാക്കുന്നതിന്റെ സാധ്യത തേടാന്‍ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ സമയം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ജീവനക്കാരും തൊഴിലുടമയും ധാരണയിലെത്തി ഇത് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഐടി, ഐടി അനുബന്ധ കമ്പനികളില്‍ ഈ മാതൃക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.