ശൈത്യകാലത്ത് അന്തരീക്ഷ താപനില കുറയുമ്പോള്‍ കൊറോണ വൈറസ് വിവിധ പ്രതലങ്ങളില്‍ ദീര്‍ഘ നേരം ജീവിക്കുമെന്നും അതിലൂടെ രോഗവ്യാപനം നടക്കുമെന്നും പഠനം. പാരിസ്ഥിതിക ഘടകങ്ങള്‍ വൈറസ് പോലുള്ള കണികകളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് അമേരിക്കയിലെ യൂട്ടാ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
സാര്‍സ് കോവ്-2 വൈറസിന്റെ പുറമേയുള്ള ഘടനയ്ക്ക് സമാനമായ വൈറസ് പോലുള്ള കണങ്ങള്‍ അഥവാ വിഎല്‍പികള്‍ ഉപയോഗിച്ചാണ് ഇവിടുത്തെ ഗവേഷകര്‍ പഠനം നടത്തിയത്. വൈറസിന്റേതിന് സമാനമായ ലിപിഡും മൂന്ന് തരം പ്രോട്ടീനുകളും വിഎല്‍പികളുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. എന്നാല്‍ ഇവയില്‍ വൈറസിന്റേത് പോലെ അണുബാധയുണ്ടാക്കുന്ന ജനിതക സാമഗ്രിയായ ആര്‍എന്‍എ ഉണ്ടാകില്ല.
വരണ്ടതും ഈര്‍പ്പമുള്ളതുമായ സാഹചര്യങ്ങളില്‍ ഈ വിഎല്‍പികള്‍ ഗ്ലാസ് പ്രതലങ്ങളില്‍ പരീക്ഷിച്ചു. വിഎല്‍പി സാംപിളുകളെ വിവിധ താപനിലയില്‍ വച്ച ശേഷം അത്യാധുനിക മൈക്രോസ്‌കോപ് സങ്കേതം ഉപയോഗിച്ച് അവയുടെ ഘടനയ്ക്കുണ്ടാകുന്ന മാറ്റം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു.
30 മിനിറ്റ് നേരത്തേക്ക് 90 ഫാരന്‍ഹീറ്റ് വരെയൊക്കെ താപനില ഉയര്‍ത്തുമ്പോള്‍ വിഎല്‍പികളുടെ പുറത്തെ ഘടന തകരുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ സാധാരണ താപനിലയിലും തണുപ്പുള്ള അവസ്ഥയിലും ഈ കണികകള്‍ ദീര്‍ഘനേരം തകരാതിരിക്കും. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോ വൈറസ് കണത്തെയും വേര്‍തിരിച്ച് നേരിടേണ്ടത് പ്രധാനമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മിഖായേല്‍ വെര്‍ഷിനിന്‍ പറഞ്ഞു.
രോഗവ്യാപന ശേഷി നിലനിര്‍ത്തുന്നതിന് സാര്‍സ് കോവ് 2 വൈറസിന്റെ പുറംഭാഗത്ത് ചില പ്രത്യേക പ്രോട്ടീനുകള്‍ ഒരു പ്രത്യേക ക്രമത്തില്‍ അണിനിരക്കേണ്ടതുണ്ട്. ഈ ഘടന തകര്‍ക്കപ്പെട്ടാല്‍ വൈറസിന്റെ വ്യാപനശേഷി നഷ്ടമാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.