Home ആരോഗ്യം കോവിഡിന് ശേഷമുള്ള മുടികൊഴിച്ചില്‍ തടയാന്‍ ചില പൊടിക്കൈകള്‍

കോവിഡിന് ശേഷമുള്ള മുടികൊഴിച്ചില്‍ തടയാന്‍ ചില പൊടിക്കൈകള്‍

കോവിഡ് 19 അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെങ്കിലും അത് വിവിധ രീതിയില്‍ നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ട്. കോവിഡ് വന്ന് ഭേദമായാല്‍ പോലും ദീര്‍ഘകാലത്തേക്ക് കോവിഡ് അനുബന്ധ പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കാം. പ്രധാനമായും തളര്‍ച്ച, കാര്യങ്ങളിലെ അവ്യക്തത, ചുമ പോലുള്ള പ്രശ്നങ്ങളാണ് ‘ലോംഗ് കൊവിഡ്’ ആയി വരുന്നത്. ഇതിനൊപ്പം തന്നെ പലരും നേരിടുന്ന മറ്റൊരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. അതുപോലെ ചര്‍മ്മപ്രശ്നങ്ങളും.

മുടി കൊഴിച്ചില്‍ നേരിടുന്ന ധാരാളം പേര്‍ ഇതിനുള്ള പരിഹാരങ്ങള്‍ തേടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കാണാം. എന്തായാലും കൊവിഡ് അനുബന്ധ മുടി കൊഴിച്ചിലിനും ചര്‍മ്മപ്രശ്നങ്ങള്‍ക്കുമുള്ള ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. ജയശ്രീ ശരദ്.

കൊവിഡിന് ശേഷം ചര്‍മ്മം ‘ഡ്രൈ’ ആകുന്നത് പലരും പരാതിപ്പെടുന്നൊരു പ്രശ്നമാണ്. ഇതൊഴിവാക്കാന്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കണമെന്നും വെള്ളമടക്കമുള്ള പാനീയങ്ങള്‍ കാര്യമായി കഴിക്കണമെന്നും ഡോക്ടര്‍ പറയുന്നു. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ഇലക്ട്രോലൈറ്റ്സ് നഷ്ടം പരിഹരിക്കന്നതിനും വെള്ളവും പാനീയങ്ങളും നിര്‍ബന്ധമാണ്.

കൊവിഡ് അനുബന്ധമായി മുടി കൊഴിയുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഡോ. ജയശ്രീ പറയുന്നു. പലരും ഇക്കാര്യത്തില്‍ അധികമായി ുത്കണ്ഠപ്പെടുന്നത് കാണാം. എന്നാല്‍ പതിയെ ഡയറ്റിലൂടെയും ജീവിതരീതികളിലൂടെയും ഈ പ്രശ്നം അതിജീവിക്കാമെന്നാണ് ഡോ. ജയശ്രീ നല്‍കുന്ന സൂചന.

പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം, വൈറ്റമിന്‍ (എ,ബി,സി,ഡി,ഇ) കാത്സ്യം- സിങ്ക്- അയേണ്‍- മഗ്‌നീഷ്യം എന്നിവ കാര്യമായി അടങ്ങിയ ഭക്ഷണം എന്നിവ ഡയറ്റിലുള്‍പ്പെടുത്തണം. ഇത് മുടി കൊഴിച്ചിലും ചര്‍മ്മ പ്രശ്നങ്ങളും തടയാന്‍ ഒരുപോലെ സഹായകമാണ്.