Home ആരോഗ്യം കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലാണോ?: പള്‍സ് ഓക്‌സിമീറ്റര്‍ നിര്‍ബന്ധം

കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലാണോ?: പള്‍സ് ഓക്‌സിമീറ്റര്‍ നിര്‍ബന്ധം

കോവിഡ് രോഗികളില്‍ ആരോഗ്യസ്ഥിതി വഷളാകുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ് പെട്ടെന്ന് താഴേക്ക് പതിക്കുന്ന ശരീരത്തിലെ ഓക്സിജന്റെ അളവ്. ഇത് രക്തചംക്രമണത്തിന്റെ താളം തെറ്റിക്കുകയും ശ്വാസതടസ്സമുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ കോവിഡ് രോഗികള്‍ അവരുടെ ശരീരത്തിലെ ഓക്സിജന്റെ നില നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കണം.

ഓക്സിജന്‍ സാച്ചുറേഷന്‍ 94 ശതമാനത്തില്‍ താഴേക്ക് വന്നാല്‍ ആ രോഗിയെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. നിലവില്‍ ആരോഗ്യ വിഭാഗം രോഗികള്‍ക്ക് പള്‍സ് ഓക്‌സിമീറ്റര്‍ വീടുകളിലെത്തിച്ച് നല്‍കുന്നുണ്ട്. രാവിലെയും വൈകീട്ടും ഓക്‌സിജന്റെ അളവും നാഡീമിടിപ്പും ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

രക്തത്തിലൂടെ ചെറിയ പ്രകാശകിരണങ്ങള്‍ കടത്തി വിട്ടാണ് പള്‍സ് ഓക്സിമീറ്റര്‍ ഓക്സിജന്‍ നില അളക്കുന്നത്. ശരീരത്തിലെ ഓക്സിജന്‍ നില മാത്രമല്ല, ഹൃദയമിടിപ്പും ഈ യന്ത്രം അളക്കും. നാഡീസ്പന്ദനം വിശ്രമാവസ്ഥയില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 60 മുതല്‍ 100 വരെയും കുട്ടികള്‍ക്ക് 75 മുതല്‍ 140 വരെയുമാണ്.

വിശ്രമ വേളയില്‍ അസാധാരണമായി നാഡീസ്പന്ദനം കൂടുതലാണെങ്കില്‍ ശ്രദ്ധിക്കണം. ഓക്സിജന്റെ അളവ് നിശ്ശബ്ദം കുറയുന്നത് രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളില്‍ ഹൃദയാഘാതം ഉണ്ടാക്കാം. ഇവിടെയാണ് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്ന എല്ലാ കോവിഡ് രോഗികളും പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ടതിന്റെ പ്രസക്തി.