Home ആരോഗ്യം കോവിഡ് മുടികൊഴിച്ചിലിന് കാരണമാകും; എങ്ങനെയെന്നറിയാം

കോവിഡ് മുടികൊഴിച്ചിലിന് കാരണമാകും; എങ്ങനെയെന്നറിയാം

കോവിഡ് ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല ചില സൗന്ദര്യപ്രശ്നങ്ങളും ഉണ്ടാക്കു്ന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ഏറ്റവും ആശങ്കയേറ്റുന്നതാണ് കോവിഡ് രോഗികളിലും രോഗമുക്തരിലും കാണപ്പെട്ട മുടികൊഴിച്ചിലാണ് ഇന്ത്യാന യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. നതാലി ലാംബേര്‍ട്ടും ഫെയ്‌സ്ബുക്കിലെ സര്‍വൈവര്‍ ഗ്രൂപ്പുകളും നടത്തിയ സര്‍വേയിലാണ് മുടികൊഴിച്ചിലിനെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് രോഗബാധിതര്‍ അനുഭവിക്കുന്ന പ്രധാനപ്പെട്ട 25 ലക്ഷണങ്ങളുടെ പട്ടികയിയാണ് മുടികൊഴിച്ചിലും ഇടം പിടിച്ചത്. ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, സമ്മര്‍ദമേകിയ ഒരു സംഭവം, പ്രസവം, അമിതമായി മെലിയല്‍ പോലുള്ള സംഗതികളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ട്.

മുടിക്ക് ഒരു വളര്‍ച്ചാ ഘട്ടവും ഒരു വിശ്രമ ഘട്ടവുമുണ്ട്. ഏതൊരു സമയത്തും 90 ശതമാനം മുടികളും വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തിലായിരിക്കും. എന്നാല്‍ ശരീരം എന്തെങ്കിലും ഒരു സമ്മര്‍ദ ഘട്ടത്തിലെത്തിയാല്‍ അത് സംരക്ഷണ മോഡിലേക്ക് മാറും. മുടിയുടെ വളര്‍ച്ചാ ചക്രത്തില്‍ മാറ്റം വരികയും കൂടുതല്‍ മുടിയിഴകള്‍ വിശ്രമ ഘട്ടത്തിലേക്ക് മാറുകയും ചെയ്യും. ഇത് മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും.

സൗന്ദര്യശാസ്ത്രപരമായി നോക്കിയാല്‍ മുടി പ്രധാനപ്പെട്ടതായി തോന്നുമെങ്കിലും ഒരു പനിയോ മറ്റ് പ്രശ്നങ്ങളോ ഒക്കെ ഉണ്ടാകുമ്പോള്‍ ശരീരം മുടിയെ ശ്രദ്ധിക്കാറില്ലെന്ന് ചര്‍മരോഗ വിദഗ്ധര്‍ പറയുന്നു. അണുബാധയേല്‍ക്കുന്ന സമയത്ത് ശരിയായ ആഹാരം കഴിക്കാത്തതിനാല്‍ പോഷണക്കുറവ് അനുഭവപ്പെടാമെന്നും ഇത് മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഏതാനും ആഴ്ചകളോ മാസങ്ങള്‍ക്കോ അകം മുടിയുടെ വളര്‍ച്ചാ ചക്രം പഴയ മട്ടിലെത്തുന്നതോടെ പോയ മുടികള്‍ തിരിച്ചെത്തുമെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. വൈറ്റമിന്‍ ഡിയും ഇരുമ്പും അടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും ഗുണം ചെയ്യും.