ഗ്യാസ് കയറിയാല്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ശാരീരകപ്രശ്‌നം ഒടുവില്‍ മാനസിക പ്രശ്‌നം വരെ ആയി മാറിയേക്കാം. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. നെഞ്ചെരിച്ചില്‍, വയറുവേദന, വയറ് വീര്‍ത്തുവരിക, ഏമ്പക്കം തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷണങ്ങളായി കണ്ട് വരുന്നത്.
ചിലര്‍ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വയറില്‍ ഗ്യാസ് നിറഞ്ഞതായി തോന്നുക. മറ്റു ചിലര്‍ക്കാകട്ടെ വിശന്നിരിക്കുമ്പോള്‍ ഗ്യാസ് നിറയും. സ്ഥിരമായി ഗ്യാസ് പ്രശ്നം അനുഭവപ്പെടുന്നവര്‍ കൃത്യമായ വൈദ്യപരിശോധന നടത്തുകയാണ് വേണ്ടത്. എന്നാല്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളാണ് ഉള്ളതെങ്കില്‍ ചില പൊടിക്കൈകളെല്ലാം പരീക്ഷിക്കാം.
ഗ്യാസ് ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരേ ഭക്ഷണം എല്ലാവരിലും ഗ്യാസ് ഉണ്ടാക്കണമെന്നില്ല. ചിലര്‍ക്ക് അന്നജങ്ങളും ഭക്ഷ്യനാരുകളുമാകാം ഗ്യാസ് ഉണ്ടാക്കുന്നത്. ചൂടും എരിവും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ചിലര്‍ക്ക് ഗ്യാസ് ഉണ്ടാക്കാം. ചിലര്‍ക്ക് മറ്റ് ഭക്ഷണങ്ങളുമാകാം.
മിതഭക്ഷണം ശീലമാക്കുക. ഒപ്പം കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. ആഹാരത്തിന് മുന്‍പ് അല്‍പ്പം വെള്ളം കുടിക്കുക. ആഹാരം സാവകാശം ചവച്ചരച്ച് കഴിക്കുകയും വെളളം സാവധാനം കുടിക്കുകയും ചെയ്യാം. ധൃതിയില്‍ ഭക്ഷണം വിഴുങ്ങുമ്പോള്‍ ധാരാളം വായുവും അകത്തെത്തും. ഇത് ഗ്യാസ്ട്രബിളിന് കാരണമാകും.
കൃത്യമായ വ്യായാമം ദഹനത്തെ മെച്ചപ്പെടുത്തും. ഇതുവഴി ഗ്യാസ് നിറയുന്നതും ഒഴിവാക്കാം.
മസാല അടങ്ങിയ ഭക്ഷണം കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കും. ഇത് വയറ്റില്‍ ഗ്യാസ് നിറയാന്‍ കാരണമാകും.
പുക വലിക്കുമ്പോള്‍ കൂടുതല്‍ വായു അകത്തേയ്ക്ക് എത്തും. അതിനാല്‍ പുകവലി കുറയ്ക്കാം.
ഇഞ്ചി, ജീരകം എന്നിവ ഗ്യാസിനുള്ള പ്രകൃതിദത്ത മരുന്നാണ്. ഭക്ഷണശേഷം ഇഞ്ചി, ജീരകം എന്നിവ കഴിക്കുന്നത് നല്ലതാണ്.