Home Uncategorized പിരീഡ് റാഷസ് കാരണം കഷ്ടപ്പെടുകയാണോ? ചില പൊടിക്കൈകള്‍ പരീക്ഷിക്കാം

പിരീഡ് റാഷസ് കാരണം കഷ്ടപ്പെടുകയാണോ? ചില പൊടിക്കൈകള്‍ പരീക്ഷിക്കാം

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവം ഏറെ വിഷമം പിടിച്ച കാലഘട്ടമാണ്. ഈ സമയത്തെ അസ്വസ്ഥതകളില്‍ ഒന്നാണ് ഈര്‍പ്പവും ചൂടും കൊണ്ടുണ്ടാവുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍. ചിലര്‍ക്ക് സാനിറ്ററിപാടുകളും മറ്റും അലര്‍ജിയായി തുടയിലെയും മറ്റും തൊലി പോകുന്ന അവസ്ഥയും ചൊറിച്ചിലും ഉണ്ടാകാം.

പീരിഡ് റാഷസ് പലപ്പോഴും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്. ഇരിക്കാനും നടക്കാനും പോലും പ്രശ്‌നങ്ങളുണ്ടാവാം. പിരീഡ്‌സിന്റെ വേദനകള്‍ക്കൊപ്പം ഇതുകൂടെ ആകുമ്പോള്‍ പലരുടെയും നിയന്ത്രണം വിട്ടുപോയേക്കാം.
എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍കൊണ്ട് ഈ അസ്വസ്ഥതകളില്‍ നിന്ന് രക്ഷപ്പെടാനാവും.

പീരിഡ് റാഷസിന് പ്രധാനകാരണങ്ങളിലൊന്നാണ് സാനിറ്ററി പാഡുകള്‍. ഏതെങ്കിലും ഒന്ന് ഉപയോഗിക്കുമ്പോള്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ മറ്റൊരു ബ്രാന്‍ഡ് പരീക്ഷിക്കാം. കോട്ടണ്‍ പാഡുകള്‍ പീരിഡ് റാഷുകള്‍ കുറയ്ക്കും. ഇനി വ്യത്യാസമൊന്നുമില്ലെങ്കില്‍ പാഡുകള്‍ക്ക് പകരം ടാംമ്പൂണ്‍സ്, മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നിവ ഉപയോഗിക്കാം.

വളരെ നേരം ഒരേ പാഡ് തന്നെ ഉപയോഗിക്കാതെ നാല് മണിക്കൂര്‍ കൂടുമ്പോള്‍ പാഡുകള്‍ മാറ്റാം. പാഡിലെ ഈര്‍പ്പവും കെമിക്കലുകളും വളരെ നേരം ശരീരത്തില്‍ തങ്ങി നിന്ന് പീരിഡ് റാഷസ് ഉണ്ടാക്കാം.

ആര്‍ത്തവകാലത്ത് കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാം. ഇത് വിയര്‍പ്പ് അമിതമായി തങ്ങി നില്‍ക്കുന്നത് ഒഴിവാക്കും ഈര്‍പ്പം വലിച്ചെടുക്കുകയും ചെയ്യും. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ മറക്കേണ്ട. പീരിഡ് റാഷസ് വരാതിരിക്കാന്‍ ഇത് സഹായിക്കും.

ആര്‍ത്തവ ദിനങ്ങളിലെ ശുചിത്വം പീരിഡ് റാഷസ് ഒഴിവാക്കും. കൃത്യമായ ഇടവേളകളില്‍ പാടുകള്‍ മാറ്റുക, യോനീഭാഗവും മറ്റും ചെറുചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക… എന്നിവ ശീലമാക്കാം. റാഷസ് മാത്രമല്ല അണുബാധകളും ഇതിലൂടെ ഒഴിവാകും.

ഡയപ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ തടിപ്പുകളും പോറലുകളും ഉണ്ടാകാറുണ്ട്. ഇതുപോലെയാണ് ആര്‍ത്തവ സമയത്തും സംഭവിക്കുന്നത്. കുട്ടികള്‍ക്ക് ടാല്‍ക്കംപൗഡര്‍ പുരട്ടുന്നതുപോലെ പീരിഡ്‌റാഷസ് ഒഴിവാക്കാനും ടാല്‍ക്കംപൗഡര്‍ നല്ലതാണ്.