Home വിദ്യഭ്യാസം ജനുവരിയില്‍ സ്‌കൂളുകള്‍ തുറന്നേക്കും; നിബന്ധനകളിങ്ങനെ..!

ജനുവരിയില്‍ സ്‌കൂളുകള്‍ തുറന്നേക്കും; നിബന്ധനകളിങ്ങനെ..!

സംസ്ഥാനത്ത് ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ആലോചന. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളുമായി ആയിരിക്കും ക്ലാസുകള്‍ നടത്തുക.

പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം. അതിന് മുന്നോടിയായാണ് അന്‍പത് ശതമാനം അധ്യാപകര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ 17 മുതല്‍ സ്‌കൂളിലെത്താനാണ് നിര്‍ദ്ദേശം. അധ്യാപകരെ പോലെത്തന്നെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളും വന്ന് ക്ലാസ് തുടങ്ങാമെന്ന നിര്‍ദ്ദേശമാണ് സജീവമായി പരിഗണിക്കുന്നത്.

പരീക്ഷാ നടത്തിപ്പില്‍ ഇനിയും കൂടുതല്‍ വ്യക്തത വരാനുണ്ട്. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് സ്ഥിതിയും ഇതിന് മുന്നോടിയായി പരിഗണിക്കും.

മാര്‍ച്ചില്‍ പരീക്ഷ നടത്തണമെങ്കില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ എടുത്ത ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷന്‍ തീര്‍ക്കണം. അതിന് ഇത്രയും കുറച്ച് സമയം മതിയോ എന്നത് പ്രശ്‌നമാണ്. സിലബസ് കുറക്കണോ വേണ്ടയോ എന്നതിലും തീരുമാനമെടുക്കണം.