Home ആരോഗ്യം കോവിഡ് വന്ന് മാറിയവര്‍ക്കും വാക്‌സിന്‍; ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളറിയാം

കോവിഡ് വന്ന് മാറിയവര്‍ക്കും വാക്‌സിന്‍; ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളറിയാം

കോവിഡ് 19 വൈറസ് ബാധിച്ച് രോഗം വന്ന് മാറിയവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്്‌സിനെടുക്കുന്ന കാര്യത്തില്‍ വൈറസ് ബാധയുണ്ടായോ എന്നതു പരിഗണിക്കേണ്ടതില്ലെന്നും ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും മന്ത്രാലം വ്യക്തമാക്കി.

കോവിഡ് ലക്ഷണങ്ങള്‍ മാറി രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവര്‍ വാക്‌സിനെടുക്കേണ്ടത്. കാന്‍സര്‍, പ്രമേഹം, അതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കണം. ചിലരില്‍ നേരിയ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ ലഭിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ മുന്‍ഗണനാക്രമം അനുസരിച്ചു യോഗ്യരായവര്‍ക്കു മൊബൈല്‍ ഫോണില്‍ എസ്എംഎസ് എത്തും. കുത്തിവയ്പു കേന്ദ്രം, സമയം തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകും. രണ്ടാമത്തെ ഡോസ് സംബന്ധിച്ച വിവരങ്ങളും യഥാസമയം അറിയിക്കും. 2 ഡോസും സ്വീകരിച്ചു കഴിഞ്ഞാല്‍ ക്യുആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ് മൊബൈലില്‍ എത്തും.

വാക്‌സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ആദ്യം സ്വീകരിക്കുന്ന അതേ കമ്പനിയുടെ വാക്‌സീന്‍ തന്നെയാണു രണ്ടാമതും സ്വീകരിക്കുന്നതെന്ന് ഉറപ്പാക്കണം. രജിസ്‌ട്രേഷന്‍ സമയത്തു നല്‍കുന്ന അതേ തിരിച്ചറിയല്‍ കാര്‍ഡ് വാക്‌സീനെടുക്കാന്‍ പോകുമ്പോഴും ഹാജരാക്കണം. അല്ലാത്തപക്ഷം വാക്‌സീന്‍ നല്‍കില്ല.

നിര്‍ബന്ധിത കുത്തിവയ്പ് ഇല്ലെങ്കിലും സ്വയംപ്രതിരോധത്തിനും വൈറസ് വ്യാപനം തടയുന്നതിനും വാക്‌സീനെടുക്കുന്നത് ഉചിതമാകുമെന്നാണ് മന്ത്രാലയം പറയുന്നത്. വാക്‌സീന്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനത്തെക്കുറിച്ച് ആശങ്ക വേണ്ട. കോവിഡ് വാക്‌സീനായി സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിച്ചതായും വ്യക്തമാക്കി.