Home ആരോഗ്യം ഓരോ 33 സെക്കന്റിലും ഒരു കോവിഡ് മരണം; അതീവ ജാഗ്രത

ഓരോ 33 സെക്കന്റിലും ഒരു കോവിഡ് മരണം; അതീവ ജാഗ്രത

കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ തന്നെ രോഗികളും മരണനിരക്കും യുഎസില്‍ വളരെ കൂടുതലായിരുന്നു. ഇതിനിടെ അവസ്ഥ അല്‍പം മെച്ചപ്പെട്ടെങ്കിലും ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ കോവിഡ് രാജ്യത്തെ വിഴുങ്ങിയിരിക്കുന്നു. ഇപ്പോള്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് യുഎസിലെ മരണനരക്ക് ഉയരുന്നത്.

ഡിസംബര്‍ 20 വരെയുള്ള ഒരാഴ്ചത്തെ കണക്ക് എടുത്താല്‍ ഓരോ 33 സെക്കന്‍ഡിലും കോവിഡ് ബാധിച്ച് ഒരു മരണം നടക്കുന്നുണ്ട്. ആകെ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 18,000 കൊവിഡ് മരണങ്ങളാണ്. വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്സ്’ ആണ് ഈ വിവരം പുറത്തുവിട്ടത്.

കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി യുഎസില്‍ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. അവധി- ആഘോഷകാലങ്ങള്‍ കൂടിയായതോടെ രോഗവ്യാപനം മുമ്പത്തേക്കാള്‍ വേഗത്തിലാകുമെന്നും വിദഗ്ധര്‍ സൂചന നല്‍കിയിരുന്നു.

ഇപ്പോള്‍ യാത്രാനിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. വിമാനത്താവളങ്ങളില്‍ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും കോവിഡ് കേസുകളും മരണനിരക്കും ഉയരുക തന്നെയാണെങ്കില്‍ ആശുപത്രികള്‍ വലിയ പ്രതിസന്ധി നേരിടുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.