Home വാണിജ്യം വിലക്കുറവില്‍ ‘ഡിജിബോക്‌സ്’ ക്ലൗഡ് സ്‌റ്റോറേജ് സേവനവുമായി നീതി ആയോഗ്

വിലക്കുറവില്‍ ‘ഡിജിബോക്‌സ്’ ക്ലൗഡ് സ്‌റ്റോറേജ് സേവനവുമായി നീതി ആയോഗ്

ഡിജി ബോക്സ് (digiboxx)എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മിത ക്ലൗഡ് സ്റ്റോറേജ് സേവനവുമായി നീതി ആയോഗ് രംഗത്ത്. അണ്‍ലിമിറ്റഡ് ഫോട്ടോ അപ്ലോഡ് 2021 ജൂണ്‍ 21 മുതല്‍ ലഭിക്കില്ലെന്ന ഗൂഗിളിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഡിജിബോക്സിന്റെ വരവ്. ക്ലൗഡ് സ്റ്റോറേജും ഫയല്‍ ഷെയറിങ് സൗകര്യവുമാണ് ഡിജിബോക്സില്‍ ഒരുങ്ങുന്നത്.

ഡിജിബോക്സില്‍ 20 ജിബി സ്റ്റോറേജ് സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. കൂടാതെ പ്രതിമാസം 30 രൂപ നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് 100 ജിബി വരെ സ്റ്റോറേജ് ഉപയോഗിക്കാം. ഈ രീതിയിലുള്ള ആദ്യ ഇന്ത്യന്‍ നിര്‍മിത സേവനമാണിത്. ഇന്ത്യയില്‍ തന്നെ ഡാറ്റ ശേഖരിക്കുക, ദേശ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ പദ്ധതിയിക്ക് പിറകിലുണ്ട്.

നാല് തരം സ്റ്റോറേജ് പ്ലാനുകളാണ് ഡിജിബോക്സിലുള്ളത്. സൗജന്യമായി ഉപയോഗിക്കുന്നവര്‍ക്ക് 20 ജിബി സ്റ്റോറേജ് ലഭിക്കും. രണ്ട് ജിബി വരെയുള്ള ഫയലുകള്‍ അപ്ലോഡ് ചെയ്യാം. എസ്എസ്എല്‍ സുരക്ഷിതത്വം ഉണ്ടാവും. ജിമെയില്‍ ഇന്റഗ്രേഷന്‍ വൈകാതെ ലഭിക്കും.

വ്യക്തികള്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കുമായി 30 രൂപയുടെ പ്ലാനില്‍ രണ്ട് ടിബി വരെ സ്റ്റോറേജ് ലഭിക്കും. ഇതില്‍ 100 ജിബി ഉപയോഗിക്കുന്നവര്‍ക്കാണ് 30 രൂപയുടെ പ്രതിമാസ പ്ലാന്‍. 90 രൂപയ്ക്ക് 500 ജി.ബിയും, 120 രൂപയ്ക്ക് ഒരു ടി.ബിയും 199 രൂപയ്ക്ക് 2 ടിബിയും സ്റ്റോറേജ് ഉപയോഗിക്കാം.

ചെറുകിട വ്യവസായങ്ങള്‍ക്കായി 999 രൂപയില്‍ തുടങ്ങി 3499 രൂപ വരെയുള്ള പ്ലാനുകളുണ്ട് ഇതില്‍ 500 ജിബി മുതല്‍ 5 ടിബി വരെ സ്റ്റോറേജ് ലഭിക്കും. 50 മുതല്‍ 200 പേര്‍ക്ക് വരെ ഈ സ്റ്റോറേജ് വിനിയോഗിക്കാം. ഇത് കൂടാതെയുള്ള കസ്റ്റം സ്റ്റോറേജ് പ്ലാനുകളില്‍ 500 ഉപയോക്താക്കളെ വരെ ഉള്‍പ്പെടുത്തി ആവശ്യമുള്ളത്ര സ്റ്റോറേജ് ആവശ്യപ്പെടാം. വലിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണിത്. ആവശ്യത്തിനനുസരിച്ച് ഇതില്‍ വില നിശ്ചയിക്കപ്പെടും.