Home അറിവ് ഐടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ അറിയാന്‍; കാലാവധി ഉടന്‍ തീരും, ജനുവരി മുതല്‍ ഇരട്ടി പിഴ

ഐടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ അറിയാന്‍; കാലാവധി ഉടന്‍ തീരും, ജനുവരി മുതല്‍ ഇരട്ടി പിഴ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ കാലാവധി നീട്ടിയിരുന്നു. ഇത് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. ഡിസംബര്‍ 31ന് മുന്‍പ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. എന്നാല്‍ ഇത്തവണ പിഴ ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണയായി കാലാവധി കഴിഞ്ഞുള്ള ആദ്യ മാസങ്ങളില്‍ 5000 രൂപയാണ് പിഴ. അതായത് പ്രതിവര്‍ഷം അഞ്ച് ലക്ഷത്തിലധികം രൂപ വരുമാനമുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആദ്യ മാസങ്ങളില്‍ 5000 രൂപ പിഴയായി ഒടുക്കണം. അഞ്ച് ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഇത് ആയിരമാണ്. ഇത്തവണ പതിനായിരം രൂപ പിഴയായി അടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സാധാരണയായി ജൂലൈ 31ന് മുന്‍പാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത സമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ 31 വരെ 5000 രൂപ പിഴ ഒടുക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഡിസംബര്‍ 31 കഴിഞ്ഞാല്‍ മാര്‍ച്ച് 31 വരെ പതിനായിരം രൂപയാണ് പിഴ.

നിലവില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഴ ഒടുക്കാതെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒന്നിലധികം തവണകളായി ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. എന്നാല്‍ ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ പതിനായിരം രൂപ പിഴ ഒടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.