Home ആരോഗ്യം മഞ്ഞുകാലത്ത് ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ പറ്റിയ പഴങ്ങള്‍ ഇവയാണ്; അറിഞ്ഞ് കഴിക്കാം

മഞ്ഞുകാലത്ത് ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ പറ്റിയ പഴങ്ങള്‍ ഇവയാണ്; അറിഞ്ഞ് കഴിക്കാം

ഞ്ഞുകാലത്ത് സാധാരണ കാലാവസ്ഥയെ അപേക്ഷിച്ച് തണുപ്പ് വളരെയധികം കൂടുതലായിരിക്കും. പ്രത്യേകിച്ച് ഇത്തവണ മഴയും കൂടെ ആയപ്പോള്‍ തണുപ്പിന്റെ കാര്യം പറയാനില്ല. ഈ കാലത്ത് ഏതൊക്കെ പഴങ്ങള്‍ കഴിക്കാം എന്ന കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് സംശയമുണ്ടാകാം. ധാരാളം പഴങ്ങള്‍ ഉള്‍പ്പെടെയുള്ള സമീകൃതാഹാരം ആയിരിക്കണം ഗര്‍ഭിണികള്‍ കഴിക്കേണ്ടത്. ഓക്കാനം, മലബന്ധം, ക്ഷീണം എന്നിവ കുറയ്ക്കാനും പഴങ്ങള്‍ സഹായിക്കുന്നു.

പല തരം പഴങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രധാന പോഷകങ്ങള്‍ ലഭിക്കുവാന്‍ സഹായകരമായിരിക്കും. പഴങ്ങള്‍ പോഷക സമ്പുഷ്ടവും, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളവയുമാണ്.

ഓറഞ്ച്

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴമാണ് ഓറഞ്ച്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്നത് തടയുന്നു, മാത്രമല്ല ഇത് ഇരുമ്പിന്റെ ആഗിരണം ചെയ്യാനും സഹായിക്കുന്നു. ഓറഞ്ചില്‍ ഫോളേറ്റ് / ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ തടയാന്‍ സഹായിക്കും.

മാതളനാരങ്ങ
മാതളനാരങ്ങയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍, ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ഇതില്‍ നാരുകളും അടങ്ങിയിട്ടുള്ളതിനാല്‍ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും മലബന്ധത്തില്‍ നിന്ന് തടയുകയും ചെയ്യുന്നു.

ആപ്പിള്‍
വൈറ്റമിന്‍ സി, എ, പൊട്ടാസ്യം, പെക്റ്റിന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ രുചികരമായ പഴങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ധാരാളം നല്ല കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുന്ന പ്രീ-ബയോട്ടിക് ആണ് പെക്റ്റിന്‍. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തെ സഹായിക്കാന്‍ ഇവ സഹായിക്കുന്നു. ഇത് നെഞ്ചെരിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കിവി
കിവി പഴത്തില്‍ കൂടിയ അളവില്‍ ഫോളേറ്റ്, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ഇത് കഴിക്കുന്നത് കുഞ്ഞുങ്ങളിലെ ബുദ്ധി വികാസം മെച്ചപ്പെടുത്താന്‍ സഹായിക്കും. കിവി നാരങ്ങാവെള്ളത്തിലോ സ്മൂത്തിയായോ കഴിക്കാവുന്നതാണ്.

ബെറിപ്പഴങ്ങള്‍
വൈറ്റമിന്‍ സി, ഫോളിക് ആസിഡ്, ബീറ്റാ കരോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍, പൊട്ടാസ്യം എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ ഘടകങ്ങള്‍ സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന്റെ ശരീര വളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും വളരെയധികം സഹായിക്കുന്നു.