Home വാണിജ്യം നിയമവിരുദ്ധമാണോ വാട്‌സ്ആപ് പോളിസി മാറ്റം; സര്‍ക്കാര്‍ പരിശോധിക്കുന്നു

നിയമവിരുദ്ധമാണോ വാട്‌സ്ആപ് പോളിസി മാറ്റം; സര്‍ക്കാര്‍ പരിശോധിക്കുന്നു

വാട്‌സ്ആപിന്റെ പുതിയ പോളിസി മാറ്റം നിരവധി വിവാധങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിനിടെ പുതിയ മാറ്റം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായും കമ്പനിയുടെ മറ്റു സര്‍വീസുകളുമായും പങ്കുവയ്ക്കുമെന്ന വാട്ട്സ്ആപ്പിന്റെ പ്രഖ്യാപനം സ്വകാര്യതയുടെ ലംഘനമാവുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

വാട്ട്സ്ആപ്പിന്റെ പോളിസി മാറ്റത്തില്‍ അനേകം ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തെ ഉന്നതര്‍ തന്നെ ഇതിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തില്‍ പുതിയ പോളിസി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന സ്വകാര്യതാ നിയമങ്ങള്‍ അനുസരിച്ചാണോ വാട്ട്സ്ആപ്പിന്റെ പോളിസി മാറ്റം എന്ന് പരശോധിക്കും.

രാജ്യത്ത് വാട്ട്സ്ആപ്പിന് 40 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇതെന്ന് വാട്ട്സ്ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പോളിസി മാറ്റം ഫെബ്രുവരി എട്ടിനകം അംഗീകരിക്കാത്തവര്‍ക്ക് തുടര്‍ന്നും സര്‍വീസ് ഉപയോഗിക്കാനാവില്ലെന്നാണ് വാട്ട്സആപ്പ് ഉപയോക്താക്കളെ അറിയിച്ചിട്ടുള്ളത്.

ഇത് വിവാദമായതിനെത്തുടര്‍ന്ന് വാട്ട്സ്ആപ്പ് ഉപയോക്താക്കളില്‍ വന്‍തോതില്‍ കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടുണ്ട്. സമാന രീതിയില്‍ ഒടിടി സര്‍വീസ് നടത്തുന്ന ടെലിഗ്രാം, സിഗ്‌നല്‍ എന്നിവയിലേക്കാണ് ഉപയോക്താക്കളുടെ കൂടുമാറ്റം. പുതിയ പ്ലാറ്റ്ഫോമിലേക്കു മാറുകയാണെന്ന് വ്യവസായ പ്രമുഖരായ ഇലോണ്‍ മസ്‌ക്, ആനന്ദ് മഹീന്ദ്ര, വിജയ് ശേഖര്‍ ശര്‍മ, സമീര്‍ നിഗം എന്നിവര്‍ പ്രഖ്യാപിച്ചിരുന്നു.