Home കൃഷി ഇനി വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ വിള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും

ഇനി വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ വിള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും

നിമുതല്‍ വന്യമൃഗങ്ങള്‍ കൃഷിനശിപ്പിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കീഴിലെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങള്‍ അധിക കവറേജ് വിജ്ഞാപനം ചെയ്യണം.

വനനശീകരണത്തിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് വര്‍ധിച്ച് വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകാണ്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഗുണകരമായിരിക്കും പുതിയ നിര്‍ദേശം.

ദേശീയോദ്യാനം പോലുള്ള സംരക്ഷിത മേഖലകളിലെ വികസന പദ്ധതികളില്‍ തീരുമാനമെടുക്കുന്ന ദേശീയ വന്യമൃഗ ബോര്‍ഡിന്റെ (എന്‍ബിഡബ്ല്യുഎല്‍) ജനുവരി അഞ്ചിന് നടന്ന യോഗത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം അംഗീകരിച്ചത്. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയിലെ വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തില്‍ വന്യമൃഗങ്ങളുണ്ടാക്കുന്ന നഷ്ടം കൂടി ഉള്‍പ്പെടുത്താനുള്ള ‘ആഡ് ഓണ്‍ കവറേജ്’ സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തണം.

ഇതിന്, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കൃഷി മന്ത്രാലയം നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും മിക്കവയും അത് ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇനിമുതല്‍ ഫസല്‍ബീമാ യോജനയില്‍ ഉള്‍പ്പെടുന്ന 27 സംസ്ഥാനങ്ങളും ഈ ആഡ് ഓണ്‍ നിര്‍ബന്ധമായി വിജ്ഞാപനം ചെയ്തിരിക്കണമെന്ന് പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫസല്‍ബീമാ യോജന അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍, വന്യ മൃഗങ്ങളുണ്ടാക്കുന്ന നഷ്ടം നേരത്തേ ഈ പദ്ധതിയുടെ ഭാഗമായിരുന്നില്ല. ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ്സ്, പ്രോജക്റ്റ് ടൈഗര്‍, പ്രോജക്റ്റ് എലിഫന്റ് തുടങ്ങിയ പദ്ധതികള്‍ വഴി വന്യമൃഗശല്യത്തിന് നഷ്ടപരിഹാരം നല്‍കിവരുന്നുണ്ടെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്.