Home അറിവ് ഗര്‍ഭപാത്രത്തിനുള്ളില്‍ പരസ്പരം കൊന്ന് തിന്നുന്ന സ്രാവിന്‍ കുഞ്ഞുങ്ങള്‍; പുതിയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു

ഗര്‍ഭപാത്രത്തിനുള്ളില്‍ പരസ്പരം കൊന്ന് തിന്നുന്ന സ്രാവിന്‍ കുഞ്ഞുങ്ങള്‍; പുതിയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു

ന്നത്തെ സ്രാവുകളുടെ അതിപുരാതന പൂര്‍വികനായിരുന്നു മെഗലോഡോണ്‍. പേരിലുള്ള ഡോണ്‍ പോലെ ഇവ ശെരിക്കും കടലിലെ ഡോണുകള്‍ തന്നെയായിരുന്നു. വംശനാശം സംഭവിച്ച മെഗലഡോണ്‍ സ്രാവുകളെക്കുറിച്ച് കൗതുകകരമായ ഗവേഷണവിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. കെന്‍ഷു ഷിമഡ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ ഷിക്കാഗോയില്‍ ഡി പോള്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍.

36 ലക്ഷം വര്‍ഷം മുന്‍പ് ഭൂമിയിലെ കടലുകളില്‍ വിഹരിച്ചിരുന്ന മെഗലഡോണ്‍ സ്രാവുകള്‍ക്ക് 50 അടി വരെ നീളമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളുടെ മൂന്നിരട്ടി നീളം. ഇവയുടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കു പോലും ആറരയടിയോളം നീളമുണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍.

മറ്റൊരു ഞെട്ടിക്കുന്ന വസ്തുത കൂടി ഇവര്‍ വെളിപ്പെടുത്തുന്നു. മെഗലഡോണ്‍ സ്രാവുകളുടെ ശിശുക്കള്‍ ഗര്‍ഭസ്ഥ അവസ്ഥയില്‍ തന്നെ തങ്ങളുടെ സഹോദരന്‍മാരെ കൊന്നുതിന്നുമായിരുന്നത്രേ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചുള്ള ഈ വേട്ടയാടലില്‍ വിജയിക്കുന്നവര്‍ മാത്രമേ പ്രസവിച്ചു കടലിലേക്ക് ഇറങ്ങൂ.

പല കടല്‍ ജീവികള്‍ക്കും മെഗലഡോണ്‍ കുഞ്ഞുങ്ങളുടെ അരികില്‍ പോകാന്‍ ഭയമായിരുന്നു. കടലില്‍ തങ്ങളെ വേട്ടയാടാന്‍ ആരുമില്ലാത്തതിനാല്‍ മറ്റു മത്സ്യങ്ങളെയും കടല്‍ജീവികളെയുമൊക്കെ ഇവര്‍ ഭക്ഷിച്ച് പെരുകി. ചെറിയ തിമിംഗലങ്ങള്‍ മുതല്‍ ചെറിയ സ്രാവുകള്‍ വരെയുള്ള കടല്‍ജീവികളെ ഇവര്‍ അകത്താക്കുമായിരുന്നു.

ഇരയെ മുന്നില്‍ കണ്ടാല്‍ ഇവ തങ്ങളുടെ വായ വലിച്ചുതുറക്കും. മൂന്നു മീറ്ററോളം വ്യാസമുണ്ടാകും ഈ വായയ്ക്ക്. ഇന്നത്തെ കാലത്താണെങ്കില്‍ രണ്ടു മനുഷ്യരെ ഒറ്റയടിച്ച് വായിലാക്കാന്‍ ഇവയ്ക്കു കഴിയും. വായയില്‍ ആകെ 276 പല്ലുകള്‍. ഇവയുടെ കടിക്കാനുള്ള ശക്തി (ബൈറ്റ് ഫോഴ്‌സ്) സമാനതകളില്ലാത്തതായിരുന്നു. ഒറ്റക്കടിക്ക് തന്നെ ഇരയുടെ മരണം ഉറപ്പ്. 88 മുതല്‍ 100 വര്‍ഷം വരെ ഇവ ജീവിച്ചിരുന്നെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അതേസമയം, ഇവയുടെ അസ്ഥികൂടങ്ങള്‍ അങ്ങനെ ശാസ്ത്രജ്ഞര്‍ക്കു ലഭിക്കാറില്ല. എല്ലുകള്‍ക്കു പകരം കാര്‍ട്ടിലേജുകള്‍ കൊണ്ടാണ് ഇവയുടെ അസ്ഥികൂടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ട്ടിലേജുകള്‍ എല്ലുകളെപ്പോലെ ലക്ഷങ്ങളോളം വര്‍ഷങ്ങള്‍ ശേഷിക്കാത്തതിനാല്‍ ഇവയെക്കുറിച്ചുള്ള അത്തരം തെളിവുകള്‍ കുറവാണ്. മെഗലഡോണുകളുടെ നശിക്കാത്ത പല്ലുകളില്‍ നിന്നാണു കൂടുതല്‍ വിവരങ്ങളും ശേഖരിക്കുന്നത്. എന്നാല്‍ ബല്‍ജിയത്തിനടുത്ത് ഒരു കടലിടുക്കില്‍ നിന്ന് ഇവയുടെ നശിക്കാത്ത അസ്ഥികൂട ശേഖരങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. ഇവയില്‍ ഗവേഷണം നടത്തിയാണ് ശാസ്ത്രജ്ഞര്‍ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.