Home അന്തർദ്ദേശീയം തെരുവിലുറങ്ങുന്നവര്‍ക്ക് സ്ലീപ് പോഡുകള്‍; മാതൃകയായി ജര്‍മന്‍ നഗരം

തെരുവിലുറങ്ങുന്നവര്‍ക്ക് സ്ലീപ് പോഡുകള്‍; മാതൃകയായി ജര്‍മന്‍ നഗരം

രാനിരിക്കുന്ന ശൈത്യത്തെ വരവേല്‍ക്കാന്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കുവേണ്ടിയുള്ള ഒരു പദ്ധതിക്ക് ജര്‍മനിയിലെ ഉള്‍മ് നഗരം തയ്യാറെടുത്തു. വീടില്ലാത്തവര്‍ക്ക് തെരുവില്‍ ഉറങ്ങാനായുള്ള ഉൾമെർനെസ്റ്റുകൾ സ്ഥാപിച്ചുകൊണ്ടാണ് നഗരസഭ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. ജർമനിയിലെ മ്യൂണിക്ക് നഗരത്തിൽ നിന്ന് 75 മൈൽ അകലെയുള്ള ഒരു ചെറുനഗരമാണ് ഉൾമ്.

യൂറോപ്യൻ ‘സ്ലീപ് പോഡ്’ സങ്കല്പത്തോട് യോജിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണ് ഉൾമെർനെസ്റ്റുകൾ. അകത്ത് രണ്ട് പേര്‍ക്ക് കിടക്കാന്‍ സൗകര്യമുള്ള ഓരോ പോഡും ഉരുക്കും മരവുമുപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. വെന്റിലേഷന്‍ സൗകര്യമുള്ള ഈ കാബിനുള്ളില്‍നിന്ന് പുറംലോകവുമായി ബന്ധപ്പെടേണ്ട അടിയന്തര സാഹചര്യം ഉണ്ടായാൽ റേഡിയോ ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ട്.

പോഡുകൾ ആരെങ്കിലും ഉപയോഗിച്ചു എന്നറിയാനുള്ള സെൻസർ സംവിധാനവും ഇവയിലുണ്ട്.
ഇങ്ങനെ ലഭിക്കുന്ന വിവരം ഉടനടി സാമൂഹിക സുരക്ഷാ വകുപ്പിന് കൈമാറുകയും വളണ്ടിയർമാർ അടുത്ത ദിവസം പോഡുകളിൽ കിടന്നുറങ്ങുന്നവരെ ചെന്നു കണ്ട് തെരുവിൽ ഉറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന രീതിയിലാണ് നഗര സഭ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. പോഡുകള്‍ സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.