Home അന്തർദ്ദേശീയം മുറിയില്‍ മൂന്നുപേരില്‍ കൂടുതലായാല്‍ പിഴ; കടുത്ത നടപടിയുമായി അബുദാബി

മുറിയില്‍ മൂന്നുപേരില്‍ കൂടുതലായാല്‍ പിഴ; കടുത്ത നടപടിയുമായി അബുദാബി

താമസ സ്ഥലങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബി. വലിയ ഫ്ളാറ്റുകളും വില്ലകളും എടുത്ത് വിഭജിച്ച് ഒന്നിലേറെ കുടുംബങ്ങൾക്കു മറിച്ചു വാടകയ്ക്കു നൽകുന്ന പ്രവണത വർധിച്ച പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഒരു മുറിയിൽ 3 ആളുകള്‍ക്ക് താമസിക്കുകയും ഒരു ഫ്ലാറ്റിൽ ഒരു കുടുംബം മാത്രം താമസിക്കാന്‍ പാടൊള്ളു എന്നതാണ് നിബന്ധന. മുറി താൽക്കാലികമോ സ്ഥിരമോ ആയി വിഭജിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമലംഘകർക്ക് പരമാവധി 2 ലക്ഷം ദിർഹ‌മാണ് (39.7 ലക്ഷം രൂപ) പിഴ. പരിശോധന ഈ മാസം 28 വരെ തുടരും.

നിലവാരമില്ലാത്ത ലേബർ ക്യാംപുകൾക്കെതിരെയും നടപടി സ്വീകരിച്ചുവരുന്നതായി നഗരസഭ സൂചിപ്പിച്ചു. നഗരസൗന്ദര്യത്തിനു കോട്ടംതട്ടുംവിധം കെട്ടിടത്തിന്റെ അകവും പുറവും വൃത്തിയായി സംരക്ഷിക്കാത്ത കെട്ടിട ഉടമയ്ക്കെതിരെയും നടപടിയുണ്ടാകും. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി വൈദ്യുതി, അഗ്നിശമന, ജലവിതരണ സംവിധാനം കുറ്റമറ്റതാണെന്നു ഉറപ്പാക്കുകയും വേണം. വാടകയ്ക്കു നൽകിയ വില്ലയിലും ഫ്ലാറ്റിലും ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നില്ലെന്ന് കെട്ടിട ഉടമ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കെട്ടിട ഉടമയുടെ നിർദേശം പാലിക്കാത്തവരെക്കുറിച്ച് അധികൃതരെ അറിയിക്കണം.

നിയമലംഘകർക്കു 10,000–1,00,000 വരെയാണ് പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ കുറഞ്ഞത് 1,00,000 മുതൽ 2,00,000 ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും തെറ്റു ആവർത്തിക്കുന്നവരെ പ്രോസിക്യൂഷന് കൈമാറും.