Home ആരോഗ്യം നിങ്ങളറിയാതെ നിങ്ങള്‍ക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകുമോ?

നിങ്ങളറിയാതെ നിങ്ങള്‍ക്ക് കോവിഡ് വന്നുപോയിട്ടുണ്ടാകുമോ?

കോവിഡ് 19 എന്ന മഹാമാരി ലോകത്താകമാനമുള്ള ജനങ്ങളെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. നിരവധിയാളുകള്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടു. ഇപ്പോഴും വൈറസ് ബാധയേറ്റ് അനേകം പേരാണ് ജീവനോട് മല്ലിട്ട് കഴിയുന്നത്. നമ്മളില്‍ നിന്ന് ഒട്ടും ദൂരത്തല്ല ഈ മഹാമാരി. പലര്‍ക്കും കോവിഡ് വന്നുപോയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

തനിക്ക് കോവിഡ് വന്ന് മാറിയതാണോ എന്ന കാര്യത്തില്‍ മിക്കവരും ചെറിയ സംശയത്തില്‍ ആയിരിക്കും. നിങ്ങളെ കൊവിഡ് ബാധിച്ചിരുന്നുവോ ഇല്ലയോ എന്ന്, ചില ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് സ്വയം തന്നെ ഒരു പരിധി വരെ മനസിലാക്കാം. കോവിഡ് ലക്ഷണങ്ങളായി കണക്കാക്കുന്നവ തന്നെയാണ് പ്രധാനമായും ഈ പട്ടികയിലും ഉള്‍പ്പെടുന്നത്.

കോവിഡ് 19 ഒരു ശ്വാസകോശ രോഗമാണെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ശ്വാസതടസം ഇതിന്റെ ഒരു പ്രധാന ലക്ഷണവുമാണ്. ഇതേ ലക്ഷണം തന്നെ കോവിഡ് വന്നുപോയ ഒരാളിലും കണ്ടേക്കാമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കോവിഡിനെ അതിജീവിച്ചവരില്‍ പല ആരോഗ്യപ്രശ്നങ്ങളും ദീര്‍ഘകാലത്തേക്ക് കാണാമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതിലുള്‍പ്പെടുന്നൊരു പ്രശ്നമാണ് വരണ്ട ചുമ. അതിനാല്‍ ഈ ലക്ഷണം കണ്ടാലും അത് ശ്രദ്ധിക്കാവുന്നതാണ്.

അമിതമായ ക്ഷീണം കോവിഡ് ലക്ഷണങ്ങളിലൊന്നാണ്. ഇത് രോഗത്തെ അതിജീവിച്ച ശേഷവും ആളുകളില്‍ ഏറെ നാളത്തേക്ക് കണ്ടേക്കാം.

നെഞ്ചിന് ചുറ്റുമായി കുത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുന്നതും കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. അതിനാല്‍ ഈ ലക്ഷണവും ഒരുപക്ഷേ നിങ്ങളെ കൊവിഡ് പിടികൂടിയിരുന്നു എന്നതിന്റെയാകാം. കോവിഡ് രോഗികളില്‍ പലരിലും കണ്ടെത്തപ്പെട്ടിട്ടുള്ള മറ്റൊരു ലക്ഷണമാണ് ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ. പലരും ഇത് തിരിച്ചറിയപ്പെടാതെ പോവുന്ന സംഭവങ്ങളുമുണ്ട്.

ശ്വാസഗതി വേഗമാവുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നതും കോവിഡ് രോഗികളില്‍ രോഗം ഭേദമായ ശേഷവും കാണുന്ന പ്രശ്നമാണ്. ഇതും രോഗം വന്നുപോയതിന്റെ ലക്ഷണമായി കണക്കാക്കാം.

മേല്‍പ്പറഞ്ഞിരിക്കുന്ന ആറ് ലക്ഷണങ്ങളും കൊവിഡ് ഉള്ളപ്പോഴും അതിന് ശേഷവും രോഗികളില്‍ കോവിഡുമായി ബന്ധപ്പെട്ട് കണ്ടേക്കാവുന്ന ലക്ഷണങ്ങളാണ്. എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്ന് നിര്‍ബന്ധമില്ല. അതുപോലെ ചിലരില്‍ രോഗമുള്ളപ്പോഴും അതിന് ശേഷവും യാതൊരു ലക്ഷണവും കാണാതെ പോകുന്നുമുണ്ട്.