Home ആരോഗ്യം രോഗം മാറാന്‍ മരുന്ന് മാത്രം പോര; കാന്‍സര്‍ മാറാരോഗമല്ലെന്ന് വിദഗ്ധര്‍

രോഗം മാറാന്‍ മരുന്ന് മാത്രം പോര; കാന്‍സര്‍ മാറാരോഗമല്ലെന്ന് വിദഗ്ധര്‍

‘I can, we can’ എന്ന ആപ്തവാക്യവുമായാണ് 2021ല്‍ ലോക കാന്‍സര്‍ദിനം ആചരിക്കുന്നത്. ഇത് മാറാരോഗമല്ല, ശരിയായ ചികിത്സയും പിന്തുണയുമുണ്ടെങ്കില്‍ അസുഖം ഭേദപ്പെടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് എന്ന കണക്കില്‍ ചികിത്സിച്ച് രോഗം ഭേദമാക്കാനും ജീവിതം നീട്ടിക്കൊണ്ട് പോകാനും കഴിയുന്നുണ്ട്.

എന്നാല്‍ ജനങ്ങളുടെ ഇടയില്‍ വിഷാദം സൃഷ്ടിച്ച് അവരുടെ മനസ് വൃണപ്പെടുത്താന്‍ തരത്തിലുള്ള സിനിമകളും കഥകളുമുള്‍പ്പെടെ കണ്ടു വരുന്നുണ്ട്. ഇത് അര്‍ബുദ രോഗത്തെ ഭീതിയോടെ നോക്കിക്കാണാന്‍ മാത്രമേ ഉപകരിക്കു. എന്നാല്‍ ഡോക്ടര്‍ നല്‍കുന്ന മരുന്ന് മാത്രമല്ല ഈ രോഗത്തിന് ആവശ്യമെന്നും സമൂഹത്തിന്റെ കരുതലും പരിചരണവും കൂടി ആവശ്യമാണെന്നും കാന്‍സര്‍ ദിനം ഓര്‍മ്മിപ്പിക്കുന്നു.

തെറ്റിദ്ധാരണകള്‍, ക്യാന്‍സറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍, ശരിയായ ചികിത്സ നേടുക, മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആളുകളെ ബോധവത്കരിക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

കാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്ന് നമ്മുടെ ആരോഗ്യ രംഗം ഉയര്‍ന്ന് കഴിഞ്ഞു. പക്ഷേ നമ്മുടെ ജീവിത രീതികള്‍ രോഗത്തെ ക്ഷണിച്ച് വരുത്തിക്കൊണ്ടിരിക്കുകയാണ്.

വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമെല്ലാം കാന്‍സര്‍ പിടിപെടുന്നതിന് രണ്ട് പ്രധാനകാരണങ്ങളാണ്. പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയും.