Home അറിവ് കേരളത്തിലെ പമ്പുകളില്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍; വെള്ളത്തെ സൂക്ഷിക്കണം, മുന്നറിയിപ്പ്

കേരളത്തിലെ പമ്പുകളില്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍; വെള്ളത്തെ സൂക്ഷിക്കണം, മുന്നറിയിപ്പ്

കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന നയത്തിന്റെ ഭാഗമായി കേരളത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ ലഭിക്കുന്നത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ആണ്. ഇപ്പോള്‍ 10 ശതമാനത്തോളം എഥനോള്‍ ചേര്‍ത്ത പെട്രോളാണ് എണ്ണക്കമ്പനികള്‍ സംസ്ഥാനത്തെ പമ്പുകള്‍ക്ക് നല്‍കുന്നത്. വെള്ളം പെട്ടെന്ന് എഥനോളുമായി കലരുമെന്നതിനാല്‍ ഉപയോക്താക്കള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം.

എഥനോള്‍ വെള്ളവുമായി കലര്‍ന്നാല്‍ വാഹനങ്ങള്‍ സ്റ്റാര്‍ട് ചെയ്യാന്‍ ബുദ്ധിമുട്ടു നേരിടും. അതുകൊണ്ട് വാഹന ടാങ്കില്‍ വെള്ളത്തിന്റെ ചെറിയൊരംശം പോലും ഉണ്ടാകരുത്. സാധാരണ പെട്രോളില്‍ ജലാംശം ഉണ്ടെങ്കില്‍ പ്രത്യേക പാളിയായി താഴെ അടിയും. എന്നാല്‍ എഥനോള്‍ പെട്രോളില്‍ വെള്ളം കൂടുതല്‍ കലരും. ഇതാണ് വാഹനങ്ങള്‍ക്കു കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്.

ബയോ ഇന്ധനമായ എഥനോള്‍ പഞ്ചസാര വ്യവസായത്തിന്റെ ഉപോല്‍പന്നമാണ്. വെള്ളത്തില്‍ ലയിക്കുന്ന ഇത് പ്രകൃതിക്കു കാര്യമായ ദോഷം ഉണ്ടാക്കാത്തതുമാണ്. അതേസമയം, വെള്ളത്തിന്റെ അംശം വാഹനത്തിന്റെ ഇന്ധനടാങ്കില്‍ ഉണ്ടാകരുത്. വാഹനം കഴുകുമ്പോഴും മഴയത്തും ഇന്ധന ടാങ്കിലേക്ക് ഒട്ടും വെള്ളം ഇറങ്ങുന്നില്ലെന്ന് വാഹനഉടമകള്‍ ഉറപ്പു വരുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ടാങ്കിന്റെ ഏറ്റവും താഴെ വെള്ളത്തിന്റെ നേരിയ അംശം ഉണ്ടാകാനിടയുണ്ട്. അതിനാല്‍ ഇന്ധനം പൂര്‍ണമായും തീരുന്നതിന് മുന്‍പുതന്നെ വീണ്ടും നിറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ എഥനോള്‍ അടങ്ങിയ പെട്രോള്‍ ലഭ്യമാക്കി തുടങ്ങിയിരുന്നു. കേരളത്തിലും മുന്‍പ് ഇതു നല്‍കിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവച്ചു.

ഇത്തവണ എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ പമ്പുകളിലെത്തി, ടാങ്കിനടിയില്‍ വെള്ളമുണ്ടോ എന്നു പരിശോധന നടത്തി. വെള്ളം കണ്ടെത്തിയ ടാങ്കുകളിലെ ജലാംശം നീക്കം ചെയ്തു. ദിവസവും 5 തവണ വരെ പമ്പ് ഉടമകള്‍ പെട്രോളില്‍ വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലാംശം പരിശോധിക്കാന്‍ പ്രത്യേക സംവിധാനവും പമ്പുകള്‍ക്കു നല്‍കിയിട്ടുണ്ട്.