Home അറിവ് കേന്ദ്രവിഹിതം കുറഞ്ഞു; സംസ്ഥാനത്തെ 50 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇത്തവണ മണ്ണെണ്ണ ഇല്ല

കേന്ദ്രവിഹിതം കുറഞ്ഞു; സംസ്ഥാനത്തെ 50 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇത്തവണ മണ്ണെണ്ണ ഇല്ല

സംസ്ഥാനത്തിന് ലഭിച്ചിരുന്ന കേന്ദ്രവിഹിതം കുറഞ്ഞതിനാല്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഈ മാസം റേഷന്‍ മണ്ണെണ്ണ ലഭിക്കില്ല. സംസ്ഥാനത്തെ 50 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതോടെ മണ്ണെണ്ണയില്ലാതായത്. എഎവൈ( മഞ്ഞ), മുന്‍ഗണന (പിങ്ക്) വിഭാഗങ്ങളിലെ വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അരലിറ്ററും മണ്ണെണ്ണ ലഭിക്കും.

ഒരു ലിറ്റര്‍ മെണ്ണണ്ണക്ക് 37രൂപയാണ് വില. ഭക്ഷ്യധാന്യ വിഹിതത്തില്‍ മാറ്റമില്ല. മുന്‍മാസം ലഭിച്ചിരുന്ന അതേ അളവില്‍ ഈ മാസവും ലഭിക്കും. ഈ മാസത്തെ റേഷന്‍ വിതരണം തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്.

അതേസമയം, പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നിഷേധിക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതി രംഗത്തുവന്നു.

ഇതിനിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സഹായം ലഭിക്കാത്ത വയോജകേന്ദ്രങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മ്മാശുപത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കായി അഞ്ചാമതൊരു റേഷന്‍ കാര്‍ഡ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ഇറങ്ങിയിട്ടുണ്ട്.

കാര്‍ഡിന്റെ നിറവും റേഷന്‍ വിഹിതവും നിശ്ചയിച്ച് കേരള റേഷനിംഗ് ഓഡറില്‍ ഭേദഗതി വരുത്താന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. പുതിയ കാര്‍ഡിന് ആധാറാകും അടിസ്ഥാരേഖ. ഇവ മുന്‍ഗണനാ /മുന്‍ഗണനേതര വിഭാഗമായി മാറ്റി നല്‍കില്ല.

സര്‍ക്കാരിന്റെ സഹായം ലഭിക്കുന്ന ആശ്രമങ്ങള്‍, മഠങ്ങള്‍, അതു പോലെയുള്ള സ്ഥാപനങ്ങളില്‍ അന്തേവാസികളായിട്ടുള്ളവര്‍ക്ക് പുതിയ കാര്‍ഡ് ലഭിക്കില്ല. കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും പുതിയ കാര്‍ഡ് നല്‍കില്ല.
കേന്ദ്രം നല്‍കുന്ന ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്ന് റേഷന്‍ ക്രമീകരിച്ച് ഇത്തരം സ്ഥാപങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കാനാണ് തീരുമാനം.