Home അന്തർദ്ദേശീയം പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍.

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍.

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും ജോബൈഡന്‍ വ്യക്തമാക്കി.

യുക്രൈനിലെ സ്ത്രീകളും കുട്ടികളും യാതന അനുഭവിക്കുന്നതായും ബൈഡന്‍ പറഞ്ഞു. അതേസമയം യുക്രൈന്‍ നേരിടുന്ന പ്രതിസന്ധി അവസാനിക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. യുക്രൈനിലെ സ്ഥിതിഗതികള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്, വിഷയത്തില്‍ റഷ്യ-യുക്രൈന്‍ പ്രസിഡന്റുമാരുമായി ഇന്ത്യ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മോദി ബൈഡനെ അറിയിച്ചു.യുക്രൈനിലെ ബുച്ചയിലെ കൂട്ടക്കൊലയില്‍ സ്വതന്ത്ര്യ അന്വേഷണം വേണമെന്നും മോദി ആവശ്യപ്പെട്ടു. റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകള്‍, കോവിഡ് സാഹചര്യം തുടങ്ങിയവയാണ് പ്രധാനമായും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായത്.

ഇന്ത്യ-യുഎസ് പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയാണ് ഓണ്‍ലൈനായുള്ള ഈ കൂടിക്കാഴ്ച.’ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന തലത്തിലുള്ള ഇടപെടല്‍ തുടരാന്‍ വെര്‍ച്വല്‍ മീറ്റിംഗ് ഇരുപക്ഷത്തെയും പ്രാപ്തമാക്കും,’ വിദേശകാര്യ മന്ത്രാലയം ഒരു ഹ്രസ്വ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.യുക്രൈനിനെതിരായ റഷ്യയുടെ ക്രൂരമായ യുദ്ധത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള അടുത്ത കൂടിയാലോചനകള്‍ തുടരുന്നതിനും ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലും അതിന്റെ അസ്ഥിരപ്പെടുത്തുന്ന ആഘാതം ലഘൂകരിക്കുന്നതിനും ഈ കൂടിക്കാഴ്ച ഉപയോഗിക്കാനാണ് ബൈഡന്‍ ഉദ്ദേശിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

സൈനിക ഉപകരണങ്ങള്‍ക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നതില്‍ യു.എസ് പ്രതിരോധ സെക്രട്ടറി അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് റഷ്യക്കെതിരായ ഉപരോധങ്ങള്‍ പാലിക്കാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിമര്‍ശിച്ച്‌ അമേരിക്ക നേരത്തെ രംഗത്തു വന്നതാണ.

വാഷിംഗ്ടണ്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായും പത്ര കുറിപ്പിൽ പറയുന്നു .റഷ്യയില്‍ നിന്നും എണ്ണയുടേയും മറ്റ് വസ്തുക്കളുടേയും ഇറക്കുമതി ത്വരിതപ്പെടുത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ താല്‍പ്പര്യമാണെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വാർത്തകുറിപ്പിൽ പറയുന്നു . റഷ്യയില്‍ നിന്നും ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 12% മാത്രമാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടി