Home ആരോഗ്യം കോവിഡ് ബാധിച്ചവരില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുന്നു?; പുതിയ പഠനം പുറത്ത്

കോവിഡ് ബാധിച്ചവരില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുന്നു?; പുതിയ പഠനം പുറത്ത്

കോവിഡ് 19 വൈറസിന് കാരണമായ സാര്‍സ് കോവ് 2 വൈറസിന് മൂന്ന് വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതിനിടെ കോവിഡ് 19 ബാധിക്കുന്നവരില്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായുള്ള ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ‘ദി ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം’ എന്ന മെഡിക്കല്‍ ജേണലിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

മുന്‍പ് തൈറോയ്ഡ് പ്രശ്നമില്ലാത്തവരില്‍ കോവിഡ് ബാധിക്കുന്നതോടെ തൈറോയ്ഡ് നിലകളില്‍ മാറ്റം കാണുന്നുവെന്നാണ് ജേണലില്‍ പറയുന്നത്. സബ് അക്യൂട്ട് തൈറോയ്ഡിറ്റിസ് ആണ് ഈ രോഗം.

തൈറോയ്ഡ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് തൈറോയിഡിറ്റിസ് എന്ന് പറയുന്നത്. ശ്വാസകോശ അണുബാധയുണ്ടായവരിലാണ് ഇത് കാണുന്നത്. വൈറല്‍ അണുബാധ മൂലം ഇത്തരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകാറില്ല. മംപ്സ് വൈറസ്, ഇന്‍ഫ്ളുവന്‍സ വൈറസ് തുടങ്ങിയ ശ്വാസകോശ വൈറസുകള്‍ സബ്അക്യൂട്ട് തൈറോയ്ഡിറ്റിസിന് കാരണമാകുന്നു. കോവിഡ് 19 അണുബാധ ഇത്തരത്തില്‍ സബ് അക്യൂട്ട് തൈറോയ്ഡിറ്റിസിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.

തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് പെട്ടെന്ന് വേദനയുണ്ടാകുന്നതാണ് സബ് അക്യൂട്ട് തൈറോയ്ഡിറ്റിസിന്റെ പ്രധാന ലക്ഷണം. ഇത്തരത്തില്‍ വേദനയോടെ തൈറോയ്ഡ് ഗ്രന്ഥി ആഴ്ചകളോളമോ മാസങ്ങളോളമോ നിലനില്‍ക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായ അളവില്‍ പുറത്തുവിടുന്ന ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളായ ഹൃദയമിടിപ്പ് കൂടല്‍, അസ്വസ്ഥത, ചൂട് സഹിക്കാനാവാത്ത അവസ്ഥ എന്നിവയോ പ്രാരംഭ ഘട്ടത്തില്‍ ഉണ്ടാകാം. തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്ന അവസ്ഥയായ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളായ ക്ഷീണം, മലബന്ധം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ എന്നിവയും പിന്നീട് ഉണ്ടാകാം.

കഴുത്തിന്റെ മുന്‍വശത്ത് വേദന, തൈറോയ്ഡ് ഗ്രന്ഥിയുടെ മേല്‍ ചെറിയ സമ്മര്‍ദം നല്‍കുമ്പോള്‍ മാര്‍ദവമുള്ളതായി തോന്നുക, പനി, ക്ഷീണവും തളര്‍ച്ചയും, അസ്വസ്ഥത, ചൂട് സഹിക്കാനാവാത്ത അവസ്ഥ, ഭാരം കുറയല്‍, വിയര്‍ക്കല്‍, വയറിളക്കം, വിറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

കോവിഡ് 19 മൂലമുണ്ടാകുന്ന സബ്അക്യൂട്ട് തൈറോയ്ഡൈറ്റിസ് പരിഹരിക്കാന്‍ ആന്റി ഇന്‍ഫ്ളമേറ്ററി, കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് തെറാപ്പി എന്നിവ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.