Home അറിവ് വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം

വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം

വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഇനി കോവിഡ് 19 പരിശോധന സൗജന്യം. വിദേശത്ത് നിന്ന് നാട്ടില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍ടി- പിസിആര്‍ പരിശോധനയാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമാക്കിയത്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ ആര്‍ടി-പിസിആര്‍ പരിശോധന സൗജന്യമാക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

നിലവില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനകം കോവിഡ് ഇല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നത് നിര്‍ബന്ധമാണ്. ഇതിന് പുറമേ ആണ് വിമാനത്താവളങ്ങളില്‍ പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ ടെസ്റ്റിന് വിധേയമാകുന്നത്. ഇത് കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രവാസികള്‍ സര്‍ക്കാരിനെ അറിയിച്ചത്.

അതിനാല്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 1800 രൂപയാണ് നിലവില്‍ പരിശോധനയ്ക്കായി ഈടാക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഭൂരിഭാഗം പ്രവാസികളും ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ഇത് ഒഴിവാക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടത്.